ഏതു ചോദ്യങ്ങൾക്കും ഉത്തരം നൽകും, മറ്റുള്ളവരുടെ ഭാവം മനസ്സിലാക്കി മറുപടി പറയും; കൗതുകം നിറഞ്ഞ റോബോട്ടിനെ രൂപ കൽപന ചെയ്ത് മൊകേരി സ്വദേശിയായ വിദ്യാർത്ഥി


വടകര: ഏതു ചോദ്യങ്ങൾക്കും ഉത്തരം, മറ്റുള്ളവരുടെ ഭാവം മനസ്സിലാക്കിയും വികാരം ഉൾക്കൊണ്ടും മറുപടി, കൗതുകം നിറഞ്ഞ റോബോട്ടിനെ രൂപ കൽപന ചെയ്ത് മൊകേരി സ്വദേശിയായ വിദ്യാർത്ഥി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശരൺ ലാലാണ് എസ് ടോൺ എന്ന് പേരിട്ട റോബോർട്ട് നിർമ്മിച്ചത്. സോളാറിലാണ് റോബർട്ട് പ്രവർത്തിക്കുന്നത്. നിർമിതബുദ്ധി (എ ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോബർട്ട് ആശയ വിനിമയം നടത്തുന്നത്.

എല്ലാ ഭാഷകളിലുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എസ് ടോണിന് കഴിയുമെങ്കിലും ഇപ്പോൾ ഇംഗ്ലിഷ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ശരൺ ലാൽ പറഞ്ഞു. എട്ട് മാസം കൊണ്ടാണ് റോബേർട്ടിനെ നിർമ്മിച്ചത്. ചോദ്യം ചോദിക്കുന്ന ആളുടെ ഭാവം മനസ്സിലാക്കാനും വികാരം ഉൾക്കൊള്ളാനും റോബോർട്ടിന് പ്രത്യേക കഴിവുണ്ട്. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർക്കു മുന്നിലും ശരൺ ലാൽ റോബേർട്ടിനെ അവതരിപ്പിച്ചു കഴിഞ്ഞു.

വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശരൺ ലാൽ. മൊകേരി ശ്രീശൈലത്തിൽ കെ. സുരേഷിൻ്റെയും സൂര്യയുടെയും മകനാണ് ശരൺ ലാൽ. ശരണ്യ സഹോദരിയാണ്. കുടുംബത്തിന്റെയും അധ്യാപകരുടേയും വലിയ പിൻതുണ ശരൺ ലാലിനുണ്ട്.