തിരുവങ്ങൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു



ചേമഞ്ചേരി:
കുനിയില്‍കടവില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ വീണ് മരിച്ചു. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്കടുത്ത് വെളുത്താടത്ത് വീട്ടില്‍ ഷഹല വി.എ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ മാക്കാടതാഴെ പുഴയോരത്ത് കുട്ടിയുടെ ബാഗും ചെരിപ്പും കണ്ടത്. ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചപ്പോഴാണ് ബാഗ് ഷഹലയുടെതാണ് എന്ന് മനസിലായത്.

ഷഹലയുടെ വീട്ടില്‍ അന്വേഷിച്ചതോടെ ട്യൂഷന് പോകാനായി രാവിലെ ഏഴ് മണിക്ക് കുട്ടി വീട്ടില്‍ നിന്ന് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് കുട്ടി പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ ഇന്ന് ക്ലാസ് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിക്കുകയും ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. തിരച്ചിലിനൊടുവില്‍ ബാഗ് കണ്ട സ്ഥലത്ത് നിന്ന് മുക്കാല്‍ കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഷഹല. തിരുവങ്ങൂര്‍ വെളുത്തേടത്ത് വീട്ടില്‍ അഹമ്മദ് കോയയുടെയും ഷംജാതയുടെയും മകളാണ് ഷഹല. സഹോദരങ്ങൾ: അര്‍ഷാദ് (ലണ്ടൻ), ഫഹീം (എഞ്ചിനീയറിങ് കോളേജ്, കണ്ണൂർ).

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

summary: a student fell into the river and died at chemanchery kuniyil kadavu