കരിയാത്തുംപാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


കൂരാച്ചുണ്ട്: അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം കരിയാത്തും പാറയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ജേക്കബ് അപകടത്തിൽ പെട്ടത്.

കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെ മുങ്ങുകയായിരുന്നു.
ഏകദേശം ഇരുപത് മിനിറ്റിന് ശേഷമാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉൾപ്പടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിൽ അനധികൃതമായാണ് ഇവർ എത്തിയത്. അടിയൊഴുക്കും ചുഴിയുമുള്ളതിനാൽ പ്രദേശവാസികൾ പോലും കുളിക്കാനിറങ്ങാത്ത കടവിലാണ് സംഭവം. തൂത്തുക്കൂടി ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയാണ് ജേക്കബ്.

A student drowned while on a recreational trip in Kariathumpara