അഴിയൂരിൽ ബസിടിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം; ദേശീയ പാതയിൽ ബസ്സുകള്‍ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം


അഴിയൂർ: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച്‌ കടക്കവെ അമിത വേഗതയില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം. അഴിയൂർ മനയില്‍ മുക്ക് തയ്യില്‍ കോട്ടിക്കൊല്ലാൻ ദർജ ഹൗസില്‍ അൻസീർ- റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുല്ലയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബില്‍സാജ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിദ്യാർഥി തെറിച്ചു പോയിരുന്നു. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്‍റർനാഷനല്‍ സ്കൂള്‍ എട്ടാം തരം വിദ്യാർഥിയായിരുന്നു സൈൻ അബ്ദുല്ല.

സ്കൂളിന് സമീപത്തെ സീബ്രലൈൻ പോലും സുരക്ഷിതല്ലാത്ത തരത്തില്‍ ലിമിറ്റഡ് ബസ്സുകാരുടെ അമിത വേഗത്തിലെ ഓട്ടത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. അഴിയൂർ പൗരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ദീർഘദൂര ബസ്സുകള്‍ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ഡ്രൈവർമാരെ താക്കീത് ചെയ്താണ് നാട്ടുകാർ പ്രതിഷേധിച്ചത്.

പ്രതിഷേധ സമരം ദേശീയപാത കർമ്മസമിതി ജില്ല കണ്‍വീനർ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സീനത്ത് ബഷീർ, ഹുസൈൻ സഖാഫി, യുസുഫ് മൗലവി, വി.പി.ഗഫൂർ, ഫഹദ് കല്ലറോത്ത് എന്നിവർ നേതൃത്വം നല്‍കി. അപകടമുണ്ടാക്കിയ ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചോമ്ബാല പൊലീസ് സ്റ്റേഷനില്‍ മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി.

Summary: A student died after being hit by a bus in Azhiyur; Locals protest by blocking buses on the national highway