പരിഭ്രാന്തി നീങ്ങി; കൂത്താളിയില്‍ അക്രമം നടത്തിയ തെരുവുനായയെ പിടികൂടി


പന്തിരിക്കര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു.

കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു. പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൂത്താളി രണ്ടേ ആറില്‍ വെളുത്താടന്‍ വീട്ടില്‍ ശാലിനി (38), പേരാമ്പ്ര സ്വദേശി പ്രസീത (49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68), വിളയാട്ടു കണ്ടി മുക്കില്‍ 18കാരനായ വിദ്യാര്‍ത്ഥി പന്തിരിക്കരയില്‍ ഒരു കുട്ടിയ്ക്കുമായിരുന്നു കടിയേറ്റത്.

തെരുവുനായയുടെ അക്രമത്തില്‍ ഭയന്ന് ഇന്ന് കൂത്താളി പഞ്ചായത്തില്‍ സ്‌കൂളികള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ ആറ് വിദ്യാലയങ്ങള്‍ക്കായിരുന്നു ഇന്ന് അവധി നല്‍കിയിരുന്നത്.

അതേസമയം പ്രദേശത്ത് തെരുവു നായകളുടെ വിളയാട്ടം വര്‍ദ്ധിച്ചിട്ടും ഇതിനെതിരെ യാതൊരു നടപടിയും അധകൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

summary: a stray dog that committed violence in koothali was caught