കുടുംബ വഴക്ക്; തൃശ്ശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു


തൃശൂര്‍: തൃശൂരില്‍ ആറ് വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാജുറിന് കുത്തേൽക്കുകയായിരുന്നു. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു.

അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവും നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ്‌ ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് നാജുര്‍ ഇസ്ലാം ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Summary: A six-year-old boy was hacked to death in Thrissur