ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പോക്‌സോ കേസില്‍ കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും
കൊയിലാണ്ടി: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. പുനത്തില്‍ മീത്തല്‍ വീട്ടില്‍ സുനില്‍ കുമാര്‍ (57)നെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും.
2021 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞതുപ്രകാരം കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ എം.അനൂപ് ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.