തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല; ഉമാ തോമസിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്


കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു.

ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഉമാ തോമസിന്റെ ജിഡിഎസ് സ്‌കോര്‍ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും എക്‌സ്‌റേ, സി ടി സ്‌കാന്‍ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്‌സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരിക്കുകള്‍ കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീൽ, ജനറൽ ആൻ്റ്” ലാപ്പറോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞിജുകുമാർ ബി. സി, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. മധു കെ. എസ്, മെഡിക്കൽ ഡയറക്ടറും ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിക്കുന്നത്.

നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു. പ്രാഥമികമായി എടുത്ത സി ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും മെഡിക്കല്‍ ബുള്ളറ്റിലിനില്‍ പറയുന്നു.

Summary: A serious head injury does not require emergency surgery; Medical bulletin related to Uma Thomas’ treatment is out