‘വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ സൃഷ്ടിക്കുന്നു; മേപ്പയ്യൂര്‍ ഫെസ്റ്റില്‍ മുൻ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്


മേപ്പയ്യൂർ: വിദ്യാഭ്യാസത്തിന്റെ വർഗീയവൽകരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുൻ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്. മേപ്പയ്യൂർ ഫെസ്റ്റിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം – ഇന്നലെ, ഇന്ന്, നാളെ ‘ എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിൽ മത നിരപേക്ഷത ഇല്ലാതാവുന്നതോടെ നിലവിലുള്ള പൊതു വിദ്യാഭ്യാസ സമ്പ്രദായവും ഇല്ലാതാവും. കേരളീയ വിദ്യാഭ്യാസത്തിൽ നവോത്ഥാന മൂല്യങ്ങൾ ഉൾച്ചേർന്നതിന്റെ ഫലമായാണ് ലോകത്തിന്റെ നെറുകയിൽ കേരളമെത്തിയത്. 1957 ലെ ഇ.എം.എസ്. സർക്കാറിന്റെ ഇടപെടലാണ് നമ്മുടെ വിദ്യാഭ്യാസത്തിൽ പൊതുവൽകരണവും സാർവത്രിക വൽകരണവും സൗജന്യവൽകരണവും ഉറപ്പിച്ചതെന്നും രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി അബൂബക്കർ മോഡറേറ്ററായി. ഗ്രാമ പഞ്ചായത്തംഗം വി.പി ബിജു അധ്യക്ഷത വഹിച്ചു. അഡ്വ.നജ്‌മ തബ്ഷീറ, എം.എം സജീന്ദ്രൻ, പി.സുധാകരൻ, എ.സി അനൂപ്, സറീന ഒളോറ എന്നിവർ സംസാരിച്ചു.

‘ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ നടന്ന വ്യാപാരി സെമിനാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. വ്യാപാരി സംഘടന നേതാക്കളായ ബാബു ഹാജി, സന്തോഷ് സെബാസ്ററ്യൻ, എൻ. സുഗുണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, നാരായണൻ എസ്ക്വയർ , ടി.കെ സത്യൻ എന്നിവർ സംസാരിച്ചു. നാളെ വൈകീട്ട് ‘ലിംഗ സമത്വം, സാമൂഹ്യ നീതി, ജനാധിപത്യം ‘ എന്ന വിഷയത്തിൽ സെമിനാറും രാത്രി 7 മണിക്ക് കുടുംബശ്രീ ഫെസ്റ്റും നടക്കും.

Description: A seminar on 'Kerala Education - Yesterday, Today and Tomorrow' was held as part of Mapeyyur Fest