അവസാന നാടകമായ ‘ശാന്ത’ അരങ്ങില്‍ സംഭവിച്ചത് ജീവിതത്തിലും ആവര്‍ത്തിച്ചു; ഇനിയില്ല ശ്രീഹരിയെന്നത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍


എ സജീവ്കുമാർ

കൊയിലാണ്ടി: രണ്ടു ദിവസം മുന്‍പ് ശ്രീഹരിയും ഭാര്യ ഗോപികയുമെല്ലാം ചേര്‍ന്ന് അഭിനയിച്ച നാടകം ജീവിതമായപ്പോള്‍ നാടൊന്നാകെ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞു. നാടക പ്രവര്‍ത്തകനായ പെരുവട്ടൂരിലെ ശ്രീഹരി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. രണ്ടു ദിവസം മുന്‍പ് ചേമഞ്ചേരി കലാവേദി പൂക്കാട് എഫ്.എഫ് ഹാളില്‍ ‘ശാന്ത’ എന്ന നാടകത്തിന്റെ ആദ്യ അവതരണം നടത്തുകയുണ്ടായി. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നടത്തിയ രാഷ്ട്രീയ നാടകത്തില്‍ പപ്പന്‍ എന്ന വിപ്ലവകാരിയായ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ഗ്രീഹരിവേഷമിട്ടത്. പ്രേമവിവാഹത്തിലൂടെ പപ്പന്റെ ഭാര്യ ശാന്തയായി അരങ്ങത്തു വന്നത് ശ്രീഹരിയുടെ ഭാര്യയായ ഗോപികയാണ്.

രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന പപ്പനും ഭര്‍ത്താവിന്റെ മരണത്തിന്റെ നിസ്സഹായാവസ്ഥയില്‍ നിന്നും പ്രതിരോധം ആര്‍ജിച്ച് ജീവിതസമരത്തില്‍ മുന്നേറുന്ന ശാന്തയുടെ കഥയുമാണ് ഒരു മണിക്കൂറോളമുള്ള നാടകത്തിലൂടെ അവതരിപ്പിച്ചത്.

കുടംബശ്രീ വേദികളിലായും ഉത്സവ വേദികളിലായും ആനുകാലിക പ്രമേയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒട്ടേറെ നാടകങ്ങള്‍ അവതരിപ്പിച്ച കലാവേദി ഈ വര്‍ഷം ഒരു രാഷ്ട്രീയ നാടകവുമായാണ് അരങ്ങിലെത്തിയത്. ചേമഞ്ചേരിയിലെ ഇരുപത്തഞ്ചോളം വരുന്ന കുടുംബക്കാര്‍ ആണ് ഈ നാടകത്തിലെ അരങ്ങിലും അണിയറയിലുമുള്ളത്. ശിവദാസ് പൊയില്‍ക്കാവാണ് നാടകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ചേമഞ്ചേരി സ്വദേശിയായ ഗോപികയും ശ്രീഹരിയും പ്രണയത്തിലൂടെ വിവാഹിതരായവരാണ്. ഒട്ടേറെ നാടകങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു ട്രാവല്‍സ് ജീവനക്കാരനായ ശ്രീഹരി അടക്കമുള്ളവര്‍ എന്നും രാത്രി എട്ടുമണിക്കു ശേഷമെത്തിയാണ് റിഹേഴ്‌സല്‍ നടത്തിയിരുന്നത്. ശാന്ത അടക്കമുള്ള കലാവേദിയുടെ എല്ലാ നാടകങ്ങളിലും ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ സതി കിഴക്കയില്‍ അടക്കമുള്ളവരാണ് അഭിനയിക്കുന്നത്.

നാടകത്തിലെ അംഗങ്ങള്‍ക്കെല്ലാം നമുക്ക് ഉടന്‍ ഒന്നിച്ചിരുന്ന് അവതരണവും മറ്റു കാര്യങ്ങളും വിലയിരുത്തണമെന്ന് തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ഫോണില്‍ മെസേജ് ചെയ്തതിനു ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ എഴുന്നേറ്റ ശ്രീഹരി അല്പം കൂടെ കിടക്കട്ടെ എന്നു പറഞ്ഞു വീണ്ടും കിടക്കുകയായിരുന്നു. ആ ഉറക്കത്തില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കുക ഉണ്ടായില്ല.