പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? മേപ്പയൂരില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നത് ദൃശ്യങ്ങള്‍ സഹിതം പഞ്ചായത്തിന് അയച്ചാല്‍ 2500 രൂപ പാരിതോഷികം നേടാം


മേപ്പയൂര്‍: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ശ്രദ്ധേയമായ നീക്കം നടത്തുകയാണ് മേപ്പയൂര്‍ പഞ്ചായത്ത്. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ സഹിതം പഞ്ചായത്തിന് അയച്ചാല്‍ അയക്കുന്ന വ്യക്തിയ്ക്ക് പഞ്ചായത്ത് 2500 രൂപ പാരിതോഷികം നല്‍കും.
ഇതിലൂടെ മാലിന്യം തള്ളുന്നവരെ കൈയോടെ പിടിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

പൊതുസ്ഥലങ്ങളില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ 8075306808 എന്ന നമ്പറിലേക്കാണ് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയുടെ പേരു വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. നിലവിലുള്ള മാലിന്യ നിര്‍മാര്‍ജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവര്‍ത്തികളും ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഉദാഹരണത്തിന് മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക ഇത്തരത്തിലുള്ള എന്ത് പ്രവര്‍ത്തി ചെയ്താലും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യം നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും ഉടന്‍ തന്നെ വാട്സ്ആപ്പ് നമ്പറില്‍ കുറ്റകൃത്യം നടത്തുന്ന ആളിനെയും മാലിന്യം തള്ളാനായി കൊണ്ടുവന്ന വാഹനം തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവ് സഹിതം(ഫോട്ടോ, വീഡിയോ, സ്ഥലം, സമയം ഉള്‍പ്പെടെ) റിപ്പോര്‍ട്ട് ചെയ്യാം.

ഇനി വെറുതെ ഏതെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ച് പാരിതോഷികം വാങ്ങാം എന്നാണ് ധാരണയെങ്കില്‍ അത് മാറ്റിവെച്ചോളൂ. വിശ്വസനീയമായ വിവരങ്ങള്‍ തെളിവുകള്‍ സഹിതമാണ് പഞ്ചായത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.