പേരാമ്പ്ര താലൂക്കാശുപത്രി പുതിയകെട്ടിടം ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം; എംഎല്‍എ ടി.പി.രാമകൃണന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു
പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയകെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. താലൂക്കാശുപത്രിയില്‍ കെട്ടിടം നിര്‍മിക്കുന്നസ്ഥലം സന്ദര്‍ശിച്ചശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍മാണച്ചുമതലയുള്ള ഇന്‍കലിന്റെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ഏഴുനിലകളിലായി 90,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായി 56 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 77.43 കോടി രൂപയുടെ ഭരണാനുമതിയാണ് പുതിയകെട്ടിടത്തിന് ലഭിച്ചത്. ശേഷിച്ചതുക ഉപകരണങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ രണ്ടാംഘട്ടത്തില്‍ അനുവദിക്കും.
പുതിയകെട്ടിടത്തിന് മാത്രം 50 സെന്റ് സ്ഥലമാണ് വേണ്ടത്. ആശുപത്രിയിലെ പഴയ ക്വാര്‍ട്ടേഴ്സ്‌കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയ സ്ഥലത്താണ് പുതിയകെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണസ്ഥലത്തെ മരങ്ങള്‍ വേഗത്തില്‍ മുറിച്ച് മാറ്റാനും അവലോകനയോഗത്തില്‍ തീരുമാനമായി.
പഴയ മോര്‍ച്ചറി ആധുനിക സംവിധാനത്തോടെ നവീകരിച്ച് പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഉപയോഗപ്രദമാക്കും. സി.കെ.ജി.എം. ഗവ. കോളേജിന്റെ രണ്ടേക്കര്‍സ്ഥലം ആശുപത്രിക്കായി ഏറ്റെടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് തന്നെ സര്‍വേകഴിഞ്ഞെങ്കിലും സ്ഥലമേറ്റെടുത്ത് ഉത്തരവായിട്ടില്ല. മന്ത്രിതലയോഗം വിഷയം ചര്‍ച്ചചെയ്ത് സ്ഥല കൈമാറ്റനടപടികള്‍ വേഗത്തിലാക്കും.
ഇതിനു പുറമെ ആശുപത്രിയിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്താനും തീരുമാനമായി. നിലവിലുള്ള പ്രധാന പ്രവേശനപാത മാറ്റിനിര്‍മിക്കാനാണ് തീരുമാനം. സി.കെ.ജി. കോളേജിലേക്കുള്ള വഴിയിലാണ് പ്രധാന പ്രവേശനമുണ്ടാകുക. ആശുപത്രി സ്ഥലത്തിന്റെ വലതുഭാഗത്തെ അതിര്‍ത്തിയിലൂടെ പഴയകെട്ടിടത്തിന്റെ മുന്നിലേക്കെത്തുന്നവിധത്തില്‍ ഒരു പാതയുമുണ്ടാകും. ഏഴുമീറ്റര്‍വീതിയില്‍ റോഡ് പുതിയ കെട്ടിടത്തിലേക്ക് സംസ്ഥാനപാതയില്‍നിന്ന് സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇന്‍കല്‍ ആര്‍ക്കിടെക്ട് എ.എസ് ജെസീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ ലിസി, പി.ടി അഷറഫ്, പ്രഭാശങ്കര്‍, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഗോപാലകൃഷ്ണന്‍, സഫ മജീദ്, എസ്.കെ അസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
summary: a review meeting was held under the leadership of MLA regarding the construction of new building of Perambra Thaluk Hospital