കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി നേടി കൂരാച്ചുണ്ട് സ്വദേശി


കൂരാച്ചുണ്ട്: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൂരാച്ചുണ്ട് സ്വദേശി. ഇരുപത്തിയെട്ടാം മൈല്‍ നാല് സെന്റ് കോളനിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ കദളിക്കാട്ടില്‍ സത്യനാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ മാതൃകയായത്.

കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം കാഴ്ചകള്‍ കാണാനാനെത്തിയ എളേറ്റില്‍ വട്ടോളിയിലെ ഓട്ടോറിക്ഷ തൊഴിലാളിയുടെ പണവും രേഖയുമടങ്ങുന്ന പേഴ്സാണ് സത്യന് വഴിയില്‍ നിന്നും കിട്ടിയത്. ഇതില്‍ ഇരുപത്തിനാലായിരം രൂപയും രേഖകളുമാണ് ഉണ്ടായിരുന്നത്. പേഴ്സിലെ രേഖയില്‍ കണ്ട മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് സത്യന്‍ ഉടമയെ കണ്ടെത്തിയത്.

വട്ടോളിയില്‍ നിന്നും ഉടമസ്ഥന്‍ പോലീസ് സ്റ്റേഷനിലെത്തി പണവും പേഴ്സും ഏറ്റുവാങ്ങി. സി.ഐ സുനില്‍ കുമാര്‍ സത്യന്റെ സത്യസന്ധതയെ അഭിനന്ദിച്ചു.