ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന എടവരാട് സ്വദേശിയായ യുവാവിന് ശസ്ത്രക്രിയക്കും കയറിക്കിടക്കാന്‍ ഒരു വീടിനുമായി വേണ്ടത് വലിയ തുക; കൈത്താങ്ങിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് നാട്
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായി ചികിത്സ ചെലവിനായി ബുദ്ധിമുട്ടുന്ന എടവരാട് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ എടവരാട് നറക്കമ്മല്‍ അനീഷ് (29) ആണ് കാരുണ്യം തേടുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് അനീഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എത്രയും വേഗം വൃക്ക മാറ്റിവെക്കേണ്ടതായുണ്ട്. അതൊടൊപ്പം ഓലമേഞ്ഞ ഷെഡ്ഡിലാണ് ഭാര്യയും ആറ് വയസ്സുള്ള പെണ്‍കുട്ടിയും മാതാവും ഉള്‍പ്പെടുന്ന അനീഷിന്റെ കുടുംബത്തിന്റെ താമസം. ഇത് മാറ്റിപ്പണിയുക എന്നതും കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. പുതിയ വീടിനായുള്ള അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അനീഷിന് രോഗം പിടിപെട്ടത്.
അതിനാല്‍ തന്നെ ശസ്ത്രക്രിയക്കും കയറിക്കിടക്കാന്‍ ഒരു വീടിനുമായി വലിയ തുകതന്നെ വേണം. കൂലിപ്പണിക്കാരനായ അനീഷിന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തില്‍ അനീഷിനെ സഹായിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയേടത്ത് (ചെയര്‍.), നറക്കമ്മല്‍ ശ്രീധരന്‍ (വര്‍ക്കിങ് ചെയര്‍.), പത്മേഷ് മഠത്തില്‍ (കണ്‍.), ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ് (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0987053000002826. ഐ.എഫ്.എസ് കോഡ്: SIBL0000987, ഗൂഗ്ള്‍ പേ നമ്പര്‍: 8590488107.