‘അവര്‍ പറയുന്നത് മനസിലാക്കാനായി റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പൊലീസ് തയ്യാറായില്ല, വീടിന് മുകളില്‍ നിന്ന് ചാടിയ വിവരം അറിയിച്ചിട്ടും എത്തിയത് ഒരുമണിക്കൂര്‍ കഴിഞ്ഞ്’; കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകന്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പോലീസിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് പ്രമുഖ അഭിഭാഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ അഡ്വ.സുമിന്‍ എസ് നെടുംങ്ങാടന്‍. യുവതി നാട്ടിലെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇതില്‍ നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തെങ്കിലും പോലീസ് അവിടെ എത്താനോ വിവരങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ലെന്നും ഒരു ദിവസം കഴിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം തന്റെ ഫെയിസ്ബുക്ക് പേജിലൂടെ കുറ്റപ്പെടുത്തി.

എന്നാല്‍ അപ്പോഴും റഷ്യന്‍ ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന യുവതി പറയുന്നത് പോലീസിന് വിവര്‍ത്തനം ചെയ്തത് യുവാവാണ്. യുവതി പറയുന്നത് തന്നെയാണോ യുവാവ് പോലീസിന് വിവര്‍ത്തനം ചെയ്തതെന്ന് അറിയാന്‍ റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. യുവതി വീടിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചപ്പോഴും ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും സുമിന്‍ ആരോപിച്ചു. ഗുരുതര പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയില്‍ പോലീസ് എത്തിച്ചെങ്കിലും യുവാവിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വനിത കമ്മീഷന്റെ ഇടപെടലിലൂടെയാണ് മാര്‍ച്ച് 24 ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തതെന്നും കൂട്ടിച്ചേർത്തു.

അഡ്വ.സുമിന്‍ എസ് നെടുംങ്ങാടന്റെ എഫ്ബി പോസ്റ്റ് വിശദമായി വായിക്കാം..

റഷ്യന്‍ യുവതിയും കൂരാച്ചുണ്ട് സ്വദേശിയായ യുവാവും കാളങ്ങാലിയിലുള്ള വീട്ടില്‍ എത്തുന്നത് മാര്‍ച്ച് 19നാണ്. അന്ന് തന്നെ വീട്ടില്‍ പരാക്രമം നടത്തിയ യുവാവിനെതിരെ വീട്ടുകാരും നാട്ടുകാരും രാത്രി 11 മണിക്കും 12 മണിക്കും ഇടയില്‍ കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ( പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം ) എന്നാല്‍ പോലീസ് സ്ഥലത്ത് പോവുകയോ അന്വേഷിക്കുകയോ ചെയ്തില്ല.

മാര്‍ച്ച് 20 ന് പോലീസ് ആവശ്യപ്പെട്ട പ്രകാരം യുവാവും യുവതിയും കൂരാച്ചുണ്ട് പോലീസില്‍ ഹാജരായി. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന യുവതി പറയുന്നത് പോലീസിന് വിവര്‍ത്തനം ചെയ്തത് യുവാവാണ്. യുവതി പറയുന്നത് തന്നെയാണോ യുവാവ് പോലീസിന് വിവര്‍ത്തനം ചെയ്തതെന്ന് അറിയാന്‍ റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ വീട്ടുകാരോട് കാളങ്ങാലി വീട്ടിലേക്ക് പോവരുതെന്നും പുറത്ത് വീടെടുക്കാനും ആവശ്യപ്പെട്ട് യുവാവിന്റെ കൂടെ യുവതിയെ കാളങ്ങാലിയിലുള്ള വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് പോലീസ് ചെയ്തത്. ( പോലീസ് സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം).

യുവാവിന്റെ പീഢനം സഹിക്കവയ്യാതെ മാര്‍ച്ച് 22ന് ഉച്ച സമയത്താണ് യുവതി വീടിന്റെ മുകളില്‍ നിന്നും താഴെക്ക് ചാടിയത്. ഇതറിഞ്ഞ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതിയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്.

മാര്‍ച്ച് 22 ന് ഗുരുതര പരിക്ക് പറ്റിയ യുവതിയെ ആശുപത്രിയില്‍ പോലീസ് എത്തിച്ചെങ്കിലും യുവാവിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കേരള വനിത കമ്മീഷന്റെ ഇടപെടലിലൂടെയാണ് മാര്‍ച്ച് 24 ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്.

NB : ഹെല്‍മറ്റില്ലാത്തവനെ ഓടിച്ചിട്ട് പിടിച്ച് പെറ്റിയെഴുതി നല്‍കുക എന്നതാണ് കൂരാച്ചുണ്ട് എസ്.ഐ യുടെ ജോലി.(സി.ഐ റോഡിലിറങ്ങല്‍ കുറവുമാണ് )

*Adv Sumin S Nedungadan*

summary: A prominent lawyer has made serious allegations against the police in the case of a Russian woman trying to commit suicide in Koorachund