സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ കോട്ടക്കല്‍ സ്വദേശി ആശുപത്രിയില്‍


കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്ത്‌ കയറി അക്രമിച്ചു. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി മീത്തലകത്ത് എം.നൗഷാദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ ഷഹീറിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. വടകരയില്‍ നിന്നും സ്റ്റാന്റിലെത്തിയ ബസിലായിരുന്നു അക്രമണം. ബസിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ ഷഹീര്‍ ബസില്‍ ഓടിക്കയറി അക്രമിക്കുകയായിരുന്നു.

തുടക്കത്തില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇരുവരെയും കണ്ടക്ടര്‍ പ്രമോദ് ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ തര്‍ക്കം കയ്യാങ്കളിയിലേക്ക് പോയതോടെ മറ്റു ബസുകളിലെ ജീവനക്കാര്‍ ഓടിയെത്തുകയും രണ്ടുപേരെയും പിടിച്ചുമാറ്റാനും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് സീറ്റിടിയിലെ ജാക്കി ലിവര്‍ എടുത്ത് ഷഹീര്‍ തലക്കടിച്ച് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച നൗഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നിന്‍ വന്നു എന്നു പറഞ്ഞായിരുന്നു അക്രമണം.

Description: A private bus driver in Kozhikode was assaulted by an employee of another bus