ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; അതിവേഗം യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻഅപകടം


ബംഗളൂരു: കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയില്‍ വെച്ച്‌ തീപിടിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കർണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം.

ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. ബസിന്‍റെ പിന്‍ഭാഗം പൂർണ്ണമായും കത്തിനശിച്ചു.

ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. യാത്രക്കാരെ ഇറക്കിയ ഉടനെ തീ ആളിപടരുകയായിരുന്നു. പിന്നീട് യാത്രക്കാരെ മറ്റു ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.

Summary: A private bus coming from Bengaluru to Kannur caught fire; A major accident was avoided due to the speedy evacuation of the passengers