ചെറുവണ്ണൂരില്‍ മേയ്ക്കാനായി കൊണ്ടുപോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗര്‍ഭിണിയായ പശു ടാങ്കില്‍ വീണു; രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


ചെറുവണ്ണൂര്‍: വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ ഏഴാം വാര്‍ഡായ ആയോല്‍പ്പാടി കുറ്റിക്കാട്ടില്‍ സഫിയയുടെ വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച്ച രാവിലെയോടെയാണ് സംഭവം.

മേയ്ക്കാനായി തൊടിയിലേക്ക് കൊണ്ടുപോകും വഴി ടാങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി ഗര്‍ഭിണിയായ പശു ആഴമേറിയ ടാങ്കില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജനപ്രതികളായ കെ.പി ബൈജു, ബാലകൃഷ്ണന്‍ എന്നിവര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാനിലയത്തിലെ അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ പശുവിനെ സുരക്ഷിതമായി പൂറത്തെടുക്കുകയായിരുന്നു.

സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ ഐ ഉണ്ണികൃഷ്ണന്‍, വി.കെ സിദ്ധീഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ രതീഷ് കെ.എം, വിജേഷ് പി.എം, ജിനേഷ് ആര്‍, രഗിനേഷ്, ഉണ്ണികൃഷ്ണന്‍ ഐ, ഹോംഗാര്‍ഡ് അജീഷ് എ.സി എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.