കോഴിക്കോട് എത്തുന്നവർക്കിനി സുഖയാത്ര; ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ, മെയ് 30നകം തുറന്നേക്കും


കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. മെയ് 30-നകം റോഡ് പൂർണമായി തുറന്നുകൊടുത്തേക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ ഭാഗമാണ് കോഴിക്കോട് നഗരത്തിന് സമാന്തരമായി കടന്നു പോകുന്നത്. ഇതിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി.

മാർച്ച്‌, ഏപ്രില്‍ മാസത്തോടെ നിർമാണ ജോലികള്‍ പൂർത്തിയാകുമെന്ന് ബി.ഒ.ടി അടിസ്ഥാനത്തില്‍ നിർമാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹൻ കണ്‍സ്ട്രക്ഷൻ കമ്ബനി (കെഎം.സി) അധികൃതർ അറിയിച്ചു. പാത കടന്നുപോകുന്ന ഭാഗത്തെ നാലു പാലങ്ങളുടെ ജോലിയാണ് ഇനി പ്രധാനമായും തീർക്കാനുള്ളത്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലെ പാലങ്ങളാണ് ഇവ. നിലവിലുള്ള പാലങ്ങളുടെ പടിഞ്ഞാറു ഭാഗത്തായാണ് ഇവ നിർമിക്കുന്നത്.

ഇതില്‍ 800 മീറ്ററോളം നീളമുള്ള കോരപ്പുഴപ്പാലമാണ് ഏറ്റവും വലിയത്. ഈ പാലത്തില്‍ ഗർഡർ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. മറ്റു ജോലികളാണ് ശേഷിക്കുന്നത്. 80 ശതമാനം ജോലി പൂർത്തിയായ മാമ്പുഴപ്പാലത്തിന്റെ സമീപറോഡ് നിർമാണം പൂർത്തിയാകേണ്ടതുണ്ട്. പുറക്കാട്ടിരി പാലത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയായി. അറ്റകുറ്റപ്പണി മാത്രമാണ് ശേഷിക്കുന്നത്.

എട്ടു സ്പാനുകളുള്ള അറപ്പുഴപ്പാലത്തിന്റെ നാല് സ്പാനുകളുടെ കോണ്‍ക്രീറ്റിങ് വ്യാഴാഴ്ച രാത്രി തുടങ്ങി. ആറിന് ശേഷിക്കുന്ന സ്പാനുകളുടെ കോണ്‍ക്രീറ്റിങ് നടക്കും. വെഹിക്കിള്‍ ഓവർപാസിന്റെ നിർമാണം വേങ്ങേരിയില്‍ ഫെബ്രുവരിയിലും മലാപ്പറമ്പില്‍ മാർച്ചിലും പൂർത്തിയാകും. കൊടല്‍ നടക്കാവ് നടപ്പാതനിർമാണം ഏകദേശം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു.

Summary: A pleasant journey for those arriving in Kozhikode; The construction of the six-lane road is in its final phase and may open by May 30