ചക്കിട്ടപാറയിലെ കായിക താരങ്ങൾക്ക് വേണം വലിയ സൗകര്യങ്ങൾ; ഐ.ഒ.എ പ്രസിഡന്റും രാജ്യസഭാ അംഗവുമായ പി.ടി.ഉഷയ്ക്ക് നിവേദനം നൽകി പഞ്ചായത്ത് പ്രസിഡന്റ്
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിന് അതിവിപുലമായ കേന്ദ്രം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിവേദനം സമര്‍പ്പിച്ചു. പാര്‍ലമെന്റ് മെമ്പറും ഇന്ത്യന്‍ ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയ്ക്കാണ് നിവേദനം നല്‍കിയത്.
ഇന്ത്യൻ കായിക താരങ്ങളായ ജിന്‍സന്‍ ജോണ്‍സനും, നോഹ നിര്‍മ്മല്‍ ടോമും ഉള്‍പ്പെടെയുള്ള നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുത്ത ചക്കിട്ടപ്പാറയുടെ മണ്ണില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിനായ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പരിശീലന കേന്ദ്രം ആവശ്യമാണ്. ഇനിയും ഒരുപാട് താരങ്ങളെ സൃഷ്ടിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ പരമാവധി സഹായങ്ങള്‍ ലഭ്യമാണെങ്കിലും വിപുലമായ സൗകര്യങ്ങള്‍ക്ക് കേന്ദ്ര സഹായം കൂടി ആവശ്യമാണ് ഈ സാഹചര്യത്തിലാണ് നിവേദനം സമർപ്പിച്ചത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് എന്നിവര്‍ സന്നിഹിതരായി.