‘കീഴ്പ്പയ്യൂര്‍ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുന്ന് ശുദ്ധജല പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണം’; മുസ്ലിം ലീഗ് നിവേദനം സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍പ്പെട്ട കീഴ്പ്പയ്യൂര്‍ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുന്ന് ശുദ്ധജല പദ്ധതി 6 വര്‍ഷത്തിലധികമായിട്ടും പണി പൂര്‍ത്തീകരിക്കാതെ ഇഴയുകയാണ്. ഈ പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കീഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുവിന് നിവേദനം നല്‍കി.

പ്രദേശത്തെ 42 ലധികം ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കായുള്ള പഞ്ചായത്തിന്റെ ഈ പദ്ധതി പല വേനലുകള്‍ വന്നു പോയിട്ടും അനങ്ങാപ്പാറയായി നില്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.ഗ്രാമ പഞ്ചായത്തിന്റെയും എം.എല്‍.എയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഈ പദ്ധതിയിലിതുവരെ ഇന്ത്യാട്ട് താഴെ നിര്‍മിച്ച കിണറും ഏകദേശം 400 മീറ്ററിനടുത്ത് പൈപ്പിടലും ടാങ്കിനായി ഒരു പ്രതല നിര്‍മാണവും മെയിന്‍ ടാങ്കിലേക്കുള്ള പൈപ്പിടലും മാത്രമാണ് നടന്നത്.

4 കൊല്ലത്തിലേറെയായി സ്ഥാപിച്ച പി.വി.സി. പൈപ്പ് പലയിടത്തും മണ്ണ് ഒലിച്ചു പോയി പുറത്തായി പൊട്ടിപ്പോയിട്ടുമുണ്ട്. കഴിഞ്ഞ പ്രളയകാലത്തടക്കം വേനലെന്നോ മഴക്കാലമെന്നോ ഭേദമില്ലാെതെ പ്രദേശവാസികള്‍ കുടിനീരിനായി പെടാപ്പാടു പെടുന്ന പ്രദേശമാണിവിടം. കുന്നിന് മുകളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും വെള്ളം ശേഖരിക്കാനായി താഴ്ഭാഗത്തെ വീടുകള്‍ ആശ്രയിക്കുകയാണ്. പഞ്ചായത്തിന്റെ ബഹുവര്‍ഷ പദ്ധതി പ്രകാരം 3 ലക്ഷവും എം.എല്‍.എ. ഫണ്ടായ 30 ലക്ഷവും വീണ്ടും പഞ്ചായത്തനുവദിച്ച 7 ലക്ഷവുമടക്കം ആകെ 40 ലക്ഷമാണ് പദ്ധതിക്കായി വകയിരുത്തിയ തുക. കൂടാതെ ഗുണഭോക്തൃ വിഹിതമായി ഒരു വീട്ടുടമസ്ഥനില്‍ നിന്ന് 6000 രൂപ വീതവും വാങ്ങിയിട്ടുണ്ട്.

ഈ പദ്ധതിക്ക് ടാങ്ക് സ്ഥാപിക്കാനായി സ്ഥലം നല്‍കിയ വീട്ടുകാരന്‍ പോലും ഇടക്ക് മരിച്ചു പോയിട്ടും കുടിവെള്ള പദ്ധതി മാത്രമിതു വരെ ഫലം കണ്ടില്ല എന്നതും ഏറെ സങ്കടകരമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഗ്രാമീണ പ്രദേശത്ത് കുടിവെള്ളത്തിന്റെ വരവിനായി കാത്തിരിക്കുന്നവര്‍ ഈ പദ്ധതി നീണ്ടു പോകാനുള്ള കാരണം കരാറുകാരന്റെ അനാസ്ഥയും അലംബാവമാണെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.

ഒട്ടേറെ വീട്ടുകാര്‍ക്ക് കിട്ടാക്കനിയായ കുടിവെള്ളം ഈ വേനലില്‍ എത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പഞ്ചായത് മുസ്ലിം ലീഗ് നേതാക്കളായ എം കെ അബ്ദുറഹിമാന്‍, ഫൈസല്‍ ചാവട്ട്, ടി.എം അബ്ദുള്ള, മുജീബ് കോമത്ത്, കീപോട്ട് പി മൊയ്തീന്‍, കെ.പി മൊയ്തീന്‍, പി.എം അബ്ദുള്ള, എം.പി അബ്ദുള്ള, ലബീബ് അഷ്റഫ്, കിണറുള്ള കണ്ടി മൊയ്തീന്‍, ആഷിക് തെക്കയില്‍ എന്നിവര്‍
പങ്കെടുത്തു.

ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ ഇനിയും തുടരുകയാണെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.