ബഫര്‍സോണ്‍പരിധി നിശ്ചയിച്ചിട്ടുള്ളത് സര്‍ക്കാരല്ല, ജനാധിവാസമേഖലകള്‍ ഒഴിവാക്കണമെന്നാണ് നിലപാട്, വിഷയത്തില്‍ രാഷ്ടീയമുതലെടുപ്പ് നടത്തുന്നു-കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ; നാളെ കൂരാച്ചുണ്ടില്‍ ജനകീയ കണ്‍വെന്‍ഷന്‍


കൂരാച്ചുണ്ട്: ബഫര്‍ സോണ്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സച്ചിന്‍ദേവ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍. കൂരാച്ചുണ്ടില്‍ നാളെ വൈകുന്നേരമാണ് കണ്‍വെന്‍ഷന്‍ നടക്കുക. വന്യജീവിസങ്കേതങ്ങളുടെ കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവും കണ്‍വെന്‍ഷനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും സര്‍ക്കാര്‍ നിലപാടും നടപടികളും വിശദീകരിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ ഇടുക്കി എം.പി. ജോയിസ് ജോര്‍ജ് പരിപാടിയില്‍ പങ്കെടുക്കും. ജനാധിവാസമേഖലകള്‍ ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരല്ല ബഫര്‍സോണ്‍പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനിടയില്‍ ചിലര്‍ രാഷ്ടീയമുതലെടുപ്പ് നടത്തി തെറ്റിദ്ധാരണ പരത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. വിശദീകരിക്കുന്നു.

ബഫര്‍സോണ്‍പരിധി ജനധിവാസ മേഖലയില്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു നടത്തുന്നതിനുപകരം രാഷ്ടീയ മാനമുണ്ടാക്കി സാധാരണക്കാരുടെ പ്രശ്‌നങ്ങളും ആശങ്കകളും സങ്കീര്‍ണമാക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.