സാധാരണക്കാരായവര്‍ക്ക്‌ സഹായം; അഴിത്തലയില്‍ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു


അഴിത്തല: സാമൂഹ്യ സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് അഴിത്തല വാർഡിൽ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായവര്‍ക്ക്‌ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് മസ്റ്ററിങ്ങ് ചെയ്യാൻ ഏറെ തുക മുടക്കേണ്ടി വരും എന്നതിനാലും കാലവർഷം കനത്തതും അവശരായ ആളുകൾക്ക് യാത്ര ചെയ്യുന്നത്‌ ബുദ്ധിമുട്ടാവും എന്നിവയുടെ അടിസ്ഥാനത്തിലാണ് അഴിത്തല ഉമൂറുൽ ഉലൂം മദ്രസയിൽ ക്യാമ്പ് നടത്തിയത്.

രാവിലെ 10 മണി മുതൽ ആരംഭിച്ച ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കാളികളായി. അടുത്ത ദിവസങ്ങളിൽ കിടപ്പിലായവരുടെ വീടുകളിലെത്തി മസ്റ്ററിങ്ങ് പൂർത്തിയാക്കും. ക്ഷേമ പെൻഷനുകൾ ലഭിക്കാൻ ഗുണഭോക്താക്കൾ നിലവിലെ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുകയാണ്. മാസങ്ങൾക്ക് മുമ്പാണ് ക്യാമ്പിലൂടെയും കിടപ്പിലായവരുടെ വീടുകളിലെത്തിയും കഴിഞ്ഞ വർഷത്തെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയത്. കുറേ പേരുടെ പെൻഷൻ നാല് മുതൽ ആറ് മാസം വരെ മസ്റ്ററിങ്ങ്, പുനർവിവാഹം ചെയ്തില്ലെന്ന സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ നൽകിയില്ലെന്ന കാരണം പറഞ്ഞ് തള്ളിയെന്നും ഹാഷിം പറഞ്ഞു.

മസ്റ്ററിങ്ങ്, വരുമാന സർട്ടിഫിക്കറ്റ് നൽകൽ, പുനർ വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകൽ, ആധാർ കോപ്പി പഞ്ചായത്തിൽ എത്തിക്കൽ തുടങ്ങി 1600 രൂപ ലഭിക്കാൻ വാർദ്ധക്യ സഹജമായവർ വല്ലാതെ കഷ്ടപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നുണ്ട്. ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ഇത്തരം കടമ്പകൾ ഒഴിവക്കണമെന്നും വാർഡ് കൗൺസിലർ പി.വി ഹാഷിം ആവശ്യപ്പെട്ടു.