കണ്ണൂക്കര കണ്ണുവയലിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു; ഒരുങ്ങുന്നത് പഴയതിലും വീതിയുള്ള പാലം


കണ്ണൂക്കര: കണ്ണുവയൽ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പി. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

വിവാഹ സംഘം കടന്ന് പോകുന്നതിനിടെയാണ് മാസങ്ങൾക്ക് മുൻപ് പാലം തകർന്നത്. ഭാ​ഗ്യം കൊണ്ട് അന്നത്തെ അപകടത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങിൻ തടികൾ കൊണ്ട് ഉണ്ടാക്കിയ താത്ക്കാലിക പാലത്തിലൂടെയാണ് പ്രദേശവാസികളും സമീപത്തെ മദ്രസയിലെ വിദ്യാർത്ഥികൾ ഉൾപ്പടെ ഇപ്പേൾ പ്രദേശത്ത് കൂടെ കടന്ന് പോകുന്ന തോട് മുറിച്ച് കടക്കുന്നത്.

12 ലക്ഷം രൂപാ ചെലവിൽ പഴയ പാലത്തിനേക്കാൾ വീതി കൂട്ടിയാണ് പുതിയ പാലം നിർമ്മിക്കുക. ആറ് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് റഹീസാ നൗഷാദ് അധ്യക്ഷത വഹിച്ചു. സൗഹൃദ റസിഡൻസ് അസ്സോസിയേഷൻ പ്രസിഡൻ്റ് ജയപ്രകാശ്, കാസിം , ശശീന്ദ്രൻ , ഉസ്മാൻ, വിജയൻ,രാജൻ, ഹംസ തുടങ്ങിയവർ സംബന്ധിച്ചു.