‘രാജനൊപ്പം നീല ഷർട്ട് ധരിച്ച മറ്റൊരാൾകൂടി ഉണ്ടായിരുന്നു, അയാൾ കടയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല’; വടകരയിലെ പല വ്യഞ്ജന കട ഉടമയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സമീപത്തെ കടയുടമ


വടകര: വടകരയിൽ വ്യാപാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം മറ്റൊരാൾകൂടി ഇന്നലെ രാത്രി കടയിലുണ്ടായിരുന്നതായി സമീപത്തെ കടയുടമ ആശോകൻ പറഞ്ഞു. നീല ഷർട്ട് ധരിച്ച ആളാണ് രാജനൊപ്പം കടയിലുണ്ടായിരുന്നതെന്നും ആളുടെ മുഖം കണ്ടില്ലെന്നും അശോകൻ പറഞ്ഞു. മാർക്കറ്റ് റോഡിലെ കടയിലാണ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പല വ്യഞ്ജന കട ഉടമ അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്.

അശോകന്റെ വാക്കുകളിലേക്ക്:

സാധാരണ ഞാനാണ് മേശ പിടിച്ച് അകത്തിട്ട് കൊടുക്കാൻ സഹായിക്കാറ്. ഇന്നലെ നീല നിറത്തിലുള്ള കള്ളി ഷർട്ടിട്ട ഒരാളാണ് പിടിച്ച് കൊടുത്തത്. അതിനാൽ ആളുണ്ടല്ലോ എന്നും ഞാൻ രാജനോട് പറഞ്ഞിരുന്നു. മേശ പിടിച്ച് ആയാൾ അകത്ത് കയറിയ ശേഷം പിന്നീട് പുറത്തിറങ്ങിയിരുന്നില്ല. അയാളുടെ മുഖവും കണ്ടില്ല. കടയിലെ സാധനങ്ങൾ എടുത്തു വെക്കുന്നതിനിടയിൽ രാജൻ ബെെക്കുമായി പുറത്തേക്ക് പോയിരുന്നു. പോവുകയാണോ എന്ന് ചോദിച്ചപ്പോൾ പോയിട്ട് വരുമെന്നാണ് പറഞ്ഞത്. ഞാൻ കടയടച്ച് പോകുന്നത് വരെ രാജൻ തിരിച്ച് വന്നിരുന്നില്ല. കടയ്ക്കുള്ളിൽ അപ്പോഴും നീല ഷർട്ട് ധരിച്ച വ്യക്തി ഉണ്ടായിരുന്നു. പലരും വിളിച്ച് പറഞ്ഞ ശേഷമാണ് രാജന്റെ മരണവിവരം അറിഞ്ഞത്.

രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ശരീരത്തിൽ പരിക്കേറ്റ പാടുകൾ, സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു

Summary: A nearby shopkeeper with a crucial revelation in the death of a merchant in Vadakara