വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍


താമരശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് പൊലീസ് പിടികൂടിയത്.

ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കൈതപൊയില്‍ ആനോറമ്മല്‍ എന്ന സ്ഥലത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിധിന്‍ രാജ്. പി. ഐ പി.എസിന്റെ കീഴിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത് ഇവര്‍ ഭര്‍ത്താവും കൂട്ടാളികളും ഒത്ത് മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഒഡിഷയില്‍ കൂട്ടാളികള്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ ഇവരാണ് പാക്ക് ചെയ്തു ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. റൂമില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

പിടികൂടിയ മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട ലഹരിമാഫിയ സംഘമായിരുന്നു. ഇതുള്‍പ്പെടെ നിരവധി കേസുകളില്‍ ഈ സ്ത്രീ പ്രതിയായി ജയിലില്‍ കിടന്നതാണ്.

Summary: A native of Thamarassery was arrested with intoxicants including MDMA