‘മെഡല്‍ നേട്ടത്തില്‍ സന്തോഷം’; വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച സന്തോഷത്തില്‍ തളിപ്പറമ്പ് സ്വദേശി
വടകര: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ സന്തോഷത്തിലാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സുമേഷ് ടിപി. അവാര്‍ഡ് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അഞ്ച് മാസക്കാലം വടകര പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ച സുമേഷിന്റെ അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും സന്തോഷം ഏറെയാണ്.
ലഹരിക്കടത്ത്, പോക്‌സോ, മോഷണം, കൊലപാതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനേഷിച്ച കേസുകളാണ് സുമേഷിനെ മെഡലിന് അര്‍ഹനാക്കിയത്. 2004ല്‍ കരിയര്‍ ആരംഭിച്ച സുമേഷ് നിലവില്‍ വളപട്ടണം പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. വടകരയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സ്ഥലംമാറ്റം ലഭിച്ചത്.
2004ല്‍ കാസര്‍കോട് ബേടകം പോലീസ് സ്‌റ്റേഷനിലായിരുന്നു ജോയിന്‍ ചെയ്തത്. അവിടെ നിന്നും ബേക്കല്‍, ചന്ദേര, ചീമേനി തുടങ്ങിയ സ്‌റ്റേഷനുകളിലും ജോലി ചെയ്തു. തുടര്‍ന്ന് പ്രമോഷനോടെ വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. അവിടെ നിന്നും കണ്ണൂര്‍ എസ്എസ്ടി, ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നിവിടങ്ങളിലും കോഴിക്കോട് റൂറലില്‍ വടകര, ചോമ്പാല, ധര്‍മ്മടം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
കാഞ്ഞങ്ങാട് ജോലി ചെയ്യുന്നതിനിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച നിരവധി പ്രമുഖ കൊലപാതക കേസുകളുടെ അന്വേഷണ സംഘത്തില്‍ സുമേഷുമുണ്ടായിരുന്നു. സിജിനയാണ് ഭാര്യ. മക്കള്‍: യദുകൃഷ്ണ, മൃദുല്‍ കൃഷ്ണ.