കല്ലാച്ചി – നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പാതിരപ്പറ്റ സ്വദേശി
നാദാപുരം : കല്ലാച്ചി- നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റതായി പരാതി . പാതിരപ്പറ്റ സ്വദേശി വെങ്ങോറ ബഷീറിനാണ് പരിക്കേറ്റത്. ഡിസംബർ നാലിന് രാത്രിയാണ് സംഭവം.
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പിഡബ്ല്യുഡി റോഡിലെ കുഴിയിൽ ബൈക്ക് വീഴുകയും തടർന്ന് ബഷീർ റോഡിലേക്ക് തെറിച്ച് വണ് പരിക്കേൽക്കുകയുമായിരുന്നു. കയ്യെല്ലിനും കാലിനുമാണ് പരിക്കേറ്റത്. നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബഷീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംസ്ഥാന പാതയിലെ വാരിക്കുഴികളെ കുറിച്ച് പൊതുജനങ്ങളും മാധ്യമങ്ങളും നിരന്തരം ശ്രദ്ദയിൽപെടുത്തിയിട്ടും അതൊക്കെ അവഗണിച്ച പൊതുമരാമത്ത് അധികൃതർ കുറ്റക്കാരാണെന്നും ഇവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമെന്നും ബഷീർ പറഞ്ഞു . ശസ്ത്രക്രിയയെ തുടർന്ന് ഡോക്ടർമാർ വിശ്രമം പറഞ്ഞിട്ടുണ്ട്. അതിനാൽ ബഷീറിന് ജോലിക്ക് പോകാനാവില്ല. അധികൃതരുടെ അനാസ്ഥ കാരണം ഗുരുതരമായി പരിക്കേറ്റ തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ബഷീറിന്റെ ആവശ്യം.
നടുറോഡിൽ ഏറെക്കാലമായി കുഴി രൂപപ്പെട്ടിട്ട്. കുഴി അടക്കാതെ പൊതുമരാമത്ത് അധികൃതർ നിസ്സംഗത തുടരുന്നതിൽ നാട്ടുകാർക്കും വാഹനയാത്രികർക്കും വ്യാപകമായ പരാതിയുണ്ട്.