കേരളത്തിന് പുറത്തു പോയി ലഹരി വാങ്ങും, നാട്ടിൽ വിൽപ്പന; ലഹരി കേസുകളിൽ പ്രതിയായ പന്തിരിക്കര സ്വദേശിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു


പേരാമ്പ്ര: നിരവധി കേസുകളിൽ പ്രതിയായ പന്തിരിക്കര സൂപ്പിക്കട സ്വദേശിയായ ലത്തീഫ് പാറേമ്മൽ( 45)നെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ അടച്ചു. നിരന്തരം ലഹരി വില്പന കേസുകളിൽ പ്രതിയായതിനാലാണ് നടപടി.

കഞ്ചാവ് കൈവശം വെച്ചതിന് രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെടുകയും, മൂന്ന് കേസുകളിൽ വിചാരണ നേരിടുകയും ചെയ്യുന്നയാളാണ് ലത്തീഫ്. ലഹരി വില്പന കേസുകൾ കൂടാതെ അടിപിടി, മോഷണം എന്നീ കേസുകളും പ്രതിയുടെ പേരിലുണ്ട്. പന്തിരിക്കരയിലും പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയക്ക് നേതൃത്വം നൽകിയതിനാൽ ഇയാൾക്കെതിരെ പെരുവണ്ണാമുഴി പോലീസ് ഇൻസ്പെക്ടർ കാപ്പ നിയമപ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മുൻപ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്നു.

2024 ഫെബ്രുവരിയിലാണ് കരുതൽ തടങ്കൽ കഴിഞ്ഞ് പ്രതി പുറത്ത് ഇറങ്ങിയത്. എന്നാൽ പ്രതിയെ വീണ്ടും ഏഴ് കിലോകഞ്ചാവുമായി പാലക്കാട് വച്ച് പോലീസ് പിടികൂടുകയായിരുന്നു. അന്യസംസ്ഥാനത്ത് പോയി കഞ്ചാവ് വാങ്ങി നാട്ടിൽ കൊണ്ടുവന്ന് വിൽക്കാനുള്ള പ്രതിയുടെ ശ്രമമാണ് പോലീസ് പരാജപ്പെടുത്തിയത്.

നിരന്തരം ലഹരി വില്പന കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതികൾക്കെതിരെ പ്രയോഗിക്കുന്ന പിഐടി എൻഡിപിഎസ് ആക്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ കരുതൽ തടങ്കലിൽ ആക്കിയത്. പ്രതിയെ ഒരു വർഷത്തേക്ക് കൂടി കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ സർക്കാറിന്റെ ഉത്തരവ് ഇറങ്ങിയിട്ടുള്ളതാണ്. ഉത്തരവ് നടപ്പിലാക്കി പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.

Summary: A native of Pandhirikara who is accused in cases of intoxication has been lodged in Poojappura Central Jail