‘ആദ്യമായാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തത്, ഇതുവരെ എത്തി നിൽക്കുമ്പോൾ സന്തോഷമുണ്ട്’; ദേശീയ ​ഗണിത ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ഹരിയാനയിലേക്ക് പോകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മുയിപ്പോത്ത് സ്വദേശിനി


വടകര: ആദ്യമായി പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. തുടക്കം മോശമായില്ല. ​ഗണിത ശാസ്ത്ര മേളയിൽ ദേശീയ തലത്തിലേക്ക് മത്സരിക്കാൻ പോകുമ്പോൾ സന്തോഷമുണ്ടെന്ന് നജ ഫാത്തിമ വടകര ഡോട് ന്യൂസനോട് പറഞ്ഞു. ഹരിയാനയിലെ റായി സോനിപതില്‍ 26 മുതല്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനി നജ പങ്കെടുക്കുന്നത്.

പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിലെ സമചതുര സ്തംഭം, സമചതുര സ്തൂപിക, സമചതുര സ്തൂപിക പീഠം തുടങ്ങിയ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകൾ തമ്മിലുള്ള ബന്ധവും, വ്യാപ്തങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തന മാതൃകയാണ് നജഫാത്തിമ ദേശീയ ഗണിതശാസ്ത്ര മേളയിൽ അവതരിപ്പിക്കുന്നത്. പ്ലസ് വണ്ണിൽ ബയോളജി സയൻസാണ് തെരഞ്ഞെടുത്തത്. എന്നാൽ സയൻസ് വിഷയങ്ങളേക്കാൾ ഇഷ്ടം ​​ഗണിതമാണെന്ന് നജ പറയുന്നു. തന്റെ ഈ നേട്ടത്തിൽ കുടുംബം മുഴുവൻ സന്തോഷത്തിലാണെന്നും ഈ മിടുക്കി പറഞ്ഞു.

ഗൈഡ് മേമുണ്ട സ്കൂൾ ഗണിത അധ്യാപകനായ പി.കെ ശരത്തിനും ഉമ്മ റയ്ഹാനത്തിനുമൊപ്പം 23 ന് വൈകീട്ട് ഹരിയാനയിലേക്ക് യാത്ര പുറപ്പെടും. മുയിപ്പോത്ത് തെക്കുംമുറി പുതിയോട്ടിൽ അബ്ദു റഹ്മാനാണ് നജയുടെ ഉപ്പ. നവാൽ റഹ്മാൻ, സബീലു റഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. ആവള കുട്ടോത്ത് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നജ.