ബംഗളുരുവില്‍ നിന്നും കേരളത്തിലെ എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടിച്ചെടുത്തത് ഏഴുലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്ന്
കോഴിക്കോട്: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് സ്വദേശി പിടിയില്‍. വേങ്ങേരിയിലെ ഷിഖില്‍ ആണ് കണ്ണൂര്‍ കൂട്ടുപുഴയില്‍ എക്‌സൈസിന്റെ പിടിയിലായത്.
കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും 230 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളാണ് പ്രതി.
ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് നേതൃത്വം കൊടുത്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീകുമാര്‍, സുജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷബ്‌ന എന്നിവര്‍ പങ്കെടുത്തു.