ഒരു വശത്ത് ഏതു നിമിഷവും ഇങ്ങെത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള ട്രെയിനിന്റെ ചൂളം വിളി, മറുഭാഗത്ത് ട്രാക്കിലൂടെ നടന്നു പോകുന്ന വയോധികന്‍; ചാടിയിറങ്ങി, പിടിച്ചുമാറ്റി രക്ഷിച്ച് കൊയിലാണ്ടിക്കാരി പെണ്‍കുട്ടി; തൊണ്ണൂറുകാരന്‍ ശ്രീധരന് ഇത് രണ്ടാം ജന്മം
കൊയിലാണ്ടി: ഒരു വശത്തു നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ട് തുടങ്ങി, ഏതാനും നിമിഷങ്ങള്‍ക്കുളില്‍ ഇങ്ങെത്തും, ട്രാക്കിലേക്ക് നോക്കുമ്പോള്‍ ഇതൊന്നുമറിയാതെ വയോധികന്‍ പാലം മുറിച്ചു കടക്കാന്‍ ശ്രമിക്കുകയാണ്. ആ ഒരു നിമിഷം ശ്രുതികയ്ക്ക് രണ്ടാമതൊന്നു ആലോചിക്കാനില്ലായിരുന്നു. പാഞ്ഞു വരുന്ന ട്രെയിനിന് മുന്‍പില്‍ നിന്ന് ശ്രീധരനെ പിടിച്ചു മാറ്റി. അക്ഷരാര്‍ത്ഥത്തില്‍ പുതിയ ജീവിതത്തിലേക്കുള്ള പിടിച്ചു കയറ്റം.
മരണം മുന്നില്‍ കണ്ട ചോറോട് ഗേറ്റിലെ വ്യാപാരിയായ ശ്രീധരന് ഇത് രണ്ടാം ജന്മം. വയോധികനെ മരണത്തില്‍ നിന്നും രക്ഷിച്ച് കൊയിലാണ്ടിക്കാരി പെണ്‍കുട്ടിയും. കൊയിലാണ്ടി പെരുവട്ടൂര്‍ കമ്മട്ടേരി താഴെക്കുനി സത്യന്റെ മകളായ ഇരുപതുകാരിയായ ശ്രുതികയാണ് വ്യാപാരിക്ക് രക്ഷകയായത്.
ചോറോട് റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് വ്യാപാരിയായ ശ്രീധരന്റെ മുന്നിലേക്ക് ട്രെയിന്‍ കുതിച്ചെത്തുന്നത്. കണ്ടു നിന്നവരെല്ലാം ബഹളം വെച്ചെങ്കിലും ശ്രീധരന്‍ അറിഞ്ഞില്ല. ഉടനെ തന്നെ ശ്രുതിക ചാടിയിറങ്ങി ശ്രീധരനെ രക്ഷിക്കുകയായിരുന്നു. ശ്രീധരനെ പിടിച്ചുമാറ്റി സെക്കന്റുകള്‍ക്കുള്ളിലാണ് ട്രെയിന്‍ ഇവരെ മറികടന്നത്.
രക്ഷപ്പെട്ടാല്‍ ഒരു ജീവന്‍ അല്ലെങ്കില്‍ രണ്ടുപേരുടേം ജീവനും അപകടത്തിലാവാം എന്നും ഞാണിന്മേല്‍ കളിയാണെന്നറിയാവുന്ന സാഹചര്യത്തിലും രക്ഷപ്പെടുത്താനുള്ള ധൈര്യം എവിടടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോള്‍ ‘ആ നിമിഷം അങ്ങനെ ചെയ്യാനാണ് തോന്നിയത് എന്നായിരുന്നു ശ്രുതികയുടെ മറുപടി. ‘ഓട്ടോ സ്റ്റാന്റിലെ ചേട്ടന്മാരുടെ ബഹളം കേട്ടാണ് തിരിഞ്ഞ് നോക്കിയത്. ഓടിചെന്ന് അച്ഛാച്ചന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു, വെറെ ഒന്നും ചിന്തിച്ചില്ല, അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്,’ ശ്രുതിക കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മടപ്പള്ളി കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്രുതിക. പരീക്ഷ കാലമായതിനാല്‍ ചോറോടുള്ള ബന്ധു വീട്ടില്‍ നിന്നാണ് ഇപ്പോള്‍ കോളേജില്‍ പേകുന്നത്.
summary: a native of koyilandy who saved an old man who was crossing the railway track when the train coming