കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന്‍ എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും


കൊയിലാണ്ടി: ഇവനാണ് നമ്മ പറഞ്ഞ പ്രതിഭ, നാടിന്റെ കായിക പ്രതിഭ. ചവിട്ടുപടികള്‍ ഓരോന്നായി വിജയിച്ചു കയറി നാടിന്റെ അഭിമാനമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമിലേക്ക് ആണ് രോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

രോഹനോടൊപ്പം മലയാളത്തിന്റെ മറ്റൊരു മികച്ച താരം ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടി. കൊച്ചിയില്‍ ചേര്‍ന്ന സൗത്ത് സോണ്‍ സെലക്ഷന്‍ കമ്മിറ്റി ഹനുമ വിഹാരി ക്യാപ്റ്റനായ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാള്‍ ആണ് വൈസ് ക്യാപ്റ്റന്‍.

മകന്റെ നേട്ടത്തിലുള്ള സന്തോഷം രോഹന്റെ അച്ഛന്‍ സുശീല്‍ കുന്നുമ്മല്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെച്ചു. മറ്റൊരു മത്സരത്തിനായി ഡല്‍ഹിയില്‍ പോയ രോഹന്‍ നാട്ടിലെത്തുകയും വൈകാതെ പരിശീലനത്തിനായി വയനാട്ടിലെ ക്യാമ്പില്‍ വീണ്ടും പ്രവേശിക്കുമെന്നും അറിയിച്ചു.

സെപ്റ്റംബര്‍ 8 മുതല്‍ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുക. കായിക പ്രേമികള്‍ക്ക് ആവേശം പകരുന്ന പേരുകളായി ദേവദത്ത് പടിക്കലും മനീഷ് പാണ്ഡെയും സൗത്ത് സോണിന്റ മറ്റു പ്രധാനപ്പെട്ട താരങ്ങളായുണ്ട്.

രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്നു തവണ സെഞ്ചുറി നേടി രോഹന്‍ പുതിയ റെക്കോര്‍ഡുകളിലേക്കാണ് നടന്നു കയറിയത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡാണ് രോഹന്‍ നേടിയെടുത്തത്.

വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയാണ് കുട്ടിക്കാലത്ത് രോഹന്‍ പരിശീലനം ആരംഭിച്ചത്. പിന്നീട് തലശ്ശേരി ക്യാമ്പിലും തുടര്‍ന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലുമായി രോഹന്‍ ക്രിക്കറ്റ് പരിശീലിച്ചു. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന രോഹന് ഓപ്പണിങ് പൊസിഷനില്‍ കളിക്കാനാണ് താല്‍പ്പര്യം. 2017 ലാണ് രോഹന്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാടിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന രോഹന് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ ആശംസകള്‍… ജൈത്രയാത്ര തുടരട്ടെ… റണ്‍മഴകള്‍ പെയ്യട്ടെ.

summary: a native of koyilandy rohan has been selected for the duleep trophy south zone team, which is a domestic cricket tournament