കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് അപകടം; ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിന് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാ സേന


കൊഴിക്കല്ലൂര്‍: കൊഴുക്കല്ലൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം 32 എന്നയാള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കെ മലയില്‍ മോഹന്‍ദാസ് പുതുതായി പണികഴിപ്പിച്ച വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് അപകടം നടന്നത്. 60 അടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതും പാറയുള്ളതുമായ കിണര്‍ വൃത്തിയാക്കി തിരികെ കയറില്‍ തൂങ്ങി മുകളിലേക്ക് കയറുന്നതിനിടയില്‍ കയര്‍പൊട്ടി താഴെ വീഴുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നി രക്ഷാ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ശ്രീകാന്ത് കിണറിന് പടവുകളില്ലാത്തതിനാല്‍ ചെയര്‍ നോട്ടില്‍ ഇറങ്ങി ഇയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ശേഷം റെസ്‌ക്യുനെറ്റില്‍ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റയാളെ സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പേരാമ്പ്ര നിലയത്തിലെ വി.കെ നൗഷാദ്, പി.ആര്‍ സത്യനാഥ്, കെ.പി വിപിന്‍, എം.മനോജ്, ഐ.ബിനീഷ് കുമാര്‍, ഇ.എം പ്രശാന്ത്, കെ.പി ബാലകൃഷ്ണന്‍, പി.സി അനീഷ് കുമാര്‍ എന്നിവര്‍ പങ്കാളികളായി .

summary: a native of jharkhand fell into the well when the rope broke while cleaning the well