ആയഞ്ചേരി പഞ്ചായത്തിൽ ഭീതി പരത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ദൗത്യസംഘമെത്തി; 13 തോക്കുകളുമായി 30 പേരടങ്ങുന്ന സംഘം വേട്ടയ്ക്കിറങ്ങി


ആയഞ്ചേരി: പ‍ഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിലെ 30 പേരടുങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ആയഞ്ചേരിയിലെത്തിയത്. 13 തോക്കുകളും വേട്ട നായ്ക്കളും ഇവരുടെ പക്കലുണ്ടെന്ന് മം​ഗലാട് വാർ​ഡം​ഗം എ സുരേന്ദ്രൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സൈനിക വിഭാ​ഗത്തിൽ നിന്ന് വിരമിച്ചവരും സംഘത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാവിലെ 9.30യോടെ ദൗത്യ സംഘവും നാട്ടുകാരും വാർഡം​ഗങ്ങളും ചേർന്ന് പന്നികളെ തിരഞ്ഞ് കണ്ടുപിടിക്കാനിറങ്ങി. പതിമൂന്നാം വാർഡിൽ നിന്നാണ് ആദ്യം പന്നികൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. 14 ആം വാർഡിലും ഒന്നാം വാർഡിലും ഉൾപ്പടെ ആറോളം വാർഡുകളിൽ പന്നി ശല്യം രൂക്ഷമാണ്. ഒരാൾക്ക് കാട്ടുപന്നിയുടെ കുത്തേൽക്കുകയും ചെയ്തിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പടെയുള്ളവർക്ക് പകൽസമയങ്ങളിൽ പോലും വഴി നടക്കാൻ പറ്റാത്ത സാഹചര്യമാണ് ഈ പ്രദേശത്തുള്ളത്. നിരന്തരമായി കാർഷിക വിളകളും നശിപ്പിക്കപ്പെട്ടിരുന്നു.

ജീവന് ഭീഷണിയായ പന്നികളെ ഇല്ലാതാക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആക്റ്റ് പ്രകാരം കാട്ടു പന്നികളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൾ ഹമീദ് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തീരുമാനമായെങ്കിലും ഇലക്ഷൻ കാലത്ത് ലൈസൻസുള്ള തോക്കുകൾ കലക്ടർ പിടിച്ചെടുത്തതുകൊണ്ട് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.