പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് കൈത്താങ്ങായി സി.കെ.ജി കോളേജ്; കോളേജിന്റെ രണ്ട് ഏക്കറോളം സ്ഥലം ആശുപത്രിക്ക് വിട്ടുനൽകാൻ തീരുമാനം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആശുപത്രി നവീകരണത്തിനായി സി.കെ.ജി കോളേജിന്റെ രണ്ട് ഏക്കര്‍ സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ആശുപത്രിക്കാവശ്യമായ രണ്ട് ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്‌നേശ്വരി ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത് സര്‍വ്വീസ് ഡോ.ജയശ്രീ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഷിത്തോര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

താലൂക്കാശുപത്രക്കായി ഏഴുനിലകളിലായി 90,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായി 56 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 77.43 കോടി രൂപയുടെ ഭരണാനുമതിയാണ് പുതിയകെട്ടിടത്തിന് ലഭിച്ചത്. ശേഷിച്ചതുക ഉപകരണങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ രണ്ടാംഘട്ടത്തില്‍ അനുവദിക്കും.

പുതിയകെട്ടിടത്തിന് മാത്രം 50 സെന്റ് സ്ഥലമാണ് വേണ്ടത്. ആശുപത്രിയിലെ പഴയ ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പഴയ മോര്‍ച്ചറി ആധുനിക സംവിധാനത്തോടെ നവീകരിച്ച് പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഉപയോഗപ്രദമാക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ സി.കെ.ജി. കോളേജിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വേ കഴിഞ്ഞെങ്കിലും സ്ഥലമേറ്റെടുത്ത് ഉത്തരവായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് മന്ത്രിതലയോഗം വിഷയം ചര്‍ച്ചചെയ്ത്.

summary: A ministerial meeting was held regarding the development of Perambra Taluk Hospital