കീഴരിയൂര്‍ നമ്പ്രത്തുകരയില്‍ മധ്യവയസ്‌കനെ വെട്ടിയ സംഭവം; പ്രതി പിടിയില്‍


കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ ജോലിയ്ക്കുപോയ മധ്യവയസ്‌കനെ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നോത്ത് മുക്ക് കരുള്യേരി മീത്തല്‍ കരുണന്‍ (55) ആണ് പിടിയിലായത്. ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

സുരേഷും സുഹൃത്ത് നമ്പ്രത്തുകര പെരുവാങ്കുറ്റി സുകുമാരനും കരുണന്റെ വീട്ടില്‍ പണിക്കായി പോയതായിരുന്നു. എന്തോ കാര്യത്തിനായി സുകുമാരന്‍ പുറത്തേക്ക് പോയ സമയത്താണ് സുരേഷ് ആക്രമിക്കപ്പെട്ടത്. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റ സുരേഷ് വീട്ടിലേക്ക് ഓടുകയും വീട്ടിലെത്തിയതിന് പിന്നാലെ ബോധമറ്റ് വീഴുകയുമായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

ബന്ധുക്കളാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം സുരേഷിനെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പ്രദേശവാസികളെയും സുകുമാരനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജിതമായ തിരച്ചിലില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

A middle-aged man was hacked to death in Nampratukara; Accused in custody