നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം, ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍; തെരുവുനായശല്യം പരിഹാര നടപടികള്‍ക്കായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ യോഗം


കൂരാച്ചുണ്ട്: തെരുവുനായശല്യത്തിന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. കമ്മിറ്റിക്ക് രൂപംനല്‍കി.

നിലവില്‍ 140 വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക്, കൂരാച്ചുണ്ടിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയിലും കരിയാത്തുംപാറ സബ് സെന്ററിലുമായി നല്‍കും.

നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികളും തുടങ്ങും.

പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹീം, വെറ്ററിനറി സര്‍ജന്‍ എ.ആര്‍. മുഹമ്മദ് സയ്യാഫ് എന്നിവര്‍ സംസാരിച്ചു. വളര്‍ത്തുനായകള്‍ക്ക് വാക്‌സിന്‍ എടുക്കാത്തപക്ഷം കര്‍ശനനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

summary: a meeting was held in koorachund panchayath to discuss measures to solve the stray dog issues