ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടി; വഞ്ചനക്കെതിരെ നിയമ നടപടിക്കൊരുങ്ങി പേരാമ്പ്രയില്‍ നിക്ഷേപകരുടെ യോഗം


പേരാമ്പ്ര: ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതില്‍ നടപടിക്കൊരുങ്ങി നിക്ഷേപകര്‍. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിറ്റ്‌സ് സ്ഥാപനം പൂട്ടിയതിനെതിരേ ചിട്ടിയില്‍ പണം നിക്ഷേപിച്ചവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഒരുമാസമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണെന്ന് പണം നിക്ഷേപിച്ചവര്‍ പറഞ്ഞു.

ചിട്ടിയില്‍ ചേര്‍ന്നവരെ വഞ്ചിച്ചതിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പേരാമ്പ്രയിലെ ചിറ്റാളന്മാരുടെ യോഗം ആവശ്യപ്പെട്ടു. 200-ഓളം പേരുടേതായി രണ്ടുകോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ച പ്രാഥമിക കണക്ക്.

യോഗത്തില്‍ എ.കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സി.കെ ബാബു, ബാലകൃഷ്ണന്‍ നായര്‍, മൊയ്തു രയരോത്ത്, പി.ജെ ജോര്‍ജ്, വത്സല കെ.കെ, റഹിം, ബിജു എന്നിവര്‍ സംസാരിച്ചു.