ശക്തമായ മഴ പെയ്ത പകലുകള്‍ മറയാക്കി കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള; പ്രദേശവാസികളുടെ സഹായമില്ലാതെ അസാധ്യമെന്നു നാട്ടുകാര്‍; ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലെ മരങ്ങള്‍ കൂടുതലായി കടത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കടത്തിയത് ഏഴുപത്തിയഞ്ചോളം മരങ്ങള്‍


കീഴരിയൂര്‍: കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള. 75 ഓളം ചന്ദനമരങ്ങളാണ് രണ്ടാഴ്ചക്കുള്ളില്‍ കവര്‍ന്നത്. പല ഉടമകളുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

ശക്തമായ മഴ പെയ്ത പകല്‍ സമയങ്ങളിലാണ് കൂടുതല്‍ മരങ്ങളും മുറിച്ചത്. മുറിച്ച മരങ്ങള്‍ കഷ്ണങ്ങളാക്കി ചെത്തിയ ശേഷം കാതല്‍ മാത്രമാണ് കൊണ്ടുപോയത്. റോഡരികില്‍ നിന്നും സ്ഥലമുടമകളോ മറ്റ് താമസക്കാരോ ഇല്ലാത്ത സ്ഥലത്തു നിന്നും വീടുകള്‍ക്കരിക്കല്‍ നിന്നും മരങ്ങള്‍ മുറിച്ചു കൊണ്ടു പോയിട്ടുണ്ട്.

മലമുകളിലെ കാട് പിടിച്ച പറമ്പുകളിലും റബ്ബര്‍ത്തോട്ടങ്ങള്‍ക്ക് അരികിലുള്ള സ്ഥലങ്ങളില്‍ നിന്നും ഈ മരങ്ങള്‍ കണ്ടെത്തി മുറിച്ചു മാറ്റാന്‍ നാട്ടുകാരുടെ സഹായമില്ലാതെ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് സി.ഐ സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മുമ്പ് ഇവിടെ നിന്നും ചന്ദനമുട്ടികള്‍ സഹിതം ചിലരെ പോലീസ് പിടികൂടിയിരുന്നു. നാട്ടുകാരായ ചിലരുടെ പേരിലും കേസ് നിലവിലുണ്ട്. ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതിനെതിരെ സ്ഥലമുടമകളായ മലയില്‍ കുഞ്ഞിമാത, പള്ളിക്കല്‍ മീത്തല്‍ സലീം, ആതിര കല്യാണി എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്.

summery: a massive sandalwood robbery in keezhariyur mawat mala has robbed around 75 trees within two weeks