ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം; തീ അണച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. മലയുടെ ഇരു ഭാഗങ്ങളിലേക്കും തീ പടർന്നു പിടിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷ സേന സ്ഥലത്തെത്തി. തീപ്പിടിച്ച മലയുടെ ഏറ്റവും മുകളിൽ ഫയർ എഞ്ചിൻ എത്തിക്കാനാകില്ല. അതിനാൽ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അഗ്നി രക്ഷ സേനയുടെ 2 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു.
രാത്രി 8 മണിയോടെയാണ് തീപൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. വേനൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മലയോര പ്രദേശത്ത് താമസിക്കുന്നവർ വീടിനു സമീപം കൃത്യമായ ഫയർ ബ്രേക്കുകൾ നിർമ്മിച്ചു അഗ്നി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയർ ഓഫീസർ അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് എ. എസ്. ടി ഒ എൻ.ഗണേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുൺ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ്മാരായ പി മുരളീധരൻ, വികെ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.