‘മദ്യകുപ്പി കൊണ്ടും ഇരുമ്പ് വടി കൊണ്ടും മര്‍ദിച്ചു, കാല്‍മുട്ട് മടക്കിയാലും അടി, ഭക്ഷണവും വെള്ളവും ഇല്ലാതെ മരണത്തിനും ജീവിതത്തിനുമിടയിലെ ദിവസങ്ങള്‍…! കംബോഡിയയില്‍ കുടുങ്ങി തിരിച്ചെത്തിയ മണിയൂര്‍ സ്വദേശി വടകര ഡോട് ന്യൂസിനോട്


വടകര: മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങള്‍….മാനസികമായും ശാരീരികമായും ഏറ്റ മുറിപ്പാടുകള്‍…ആശങ്കയും സങ്കടവും നിറഞ്ഞ രാത്രികള്‍…ഒടുവില്‍ നാട്ടിലേക്ക് തിരിച്ചെത്താനുള്ള വഴി തെളിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്….കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങി നാട്ടില്‍ തിരിച്ചെത്തിയ മണിയൂര്‍ സ്വദേശി ചാലുപറമ്പത്ത് അഭിനന്ദ് സംസാരിക്കുമ്പോള്‍ കേട്ടിരിക്കുന്നവര്‍ക്ക് നെഞ്ചിടിപ്പായിരുന്നു. തൊഴില്‍ തട്ടിപ്പിനിരയായി യുവാക്കള്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വായിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരത്തില്‍ ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത അനുഭവം ഉണ്ടാവുമെന്ന് അഭിനന്ദ് ഒരിക്കല്‍പ്പോലും വിചാരിച്ചിരുന്നില്ല.

ബങ്കോക്കില്‍ ജോലി കിട്ടിയ വിവരം വന്നതിന് ശേഷം മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരെല്ലാം കാത്തിരുന്നത് ഒക്ടോബര്‍ നാലിനായിരുന്നു. അന്നായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് പുതിയ ജോലിക്കായി നാട്ടില്‍ നിന്നും ഏഴ് പേരും തിരിച്ചത്. എന്നാല്‍ ബാങ്കോക്കില്‍ നിന്നും കംബോഡിയയിലേക്ക് കൊണ്ടുപോയതോടെയാണ്‌ തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന് ഇവര്‍ക്ക് മനസിലായത്. പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന ഭീകരമായ ഓര്‍മകള്‍ അഭിനന്ദ് വടകര ഡോട് ന്യൂസുമായി പങ്കുവെക്കുന്നു…

”ഒരിക്കല്‍പ്പോലും നാട്ടില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ടാക്‌സി ഡ്രൈവറാണ് എല്ലാത്തിനും നിമിത്തമായത്. പിന്നെ ഇന്ത്യന്‍ എംബസിയും, പാലക്കാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥുമാണ് എല്ലാത്തിനും കൂടെ നിന്നത്. ബാങ്കോക്കില്‍ നിന്നും കംബോഡിയയിലെ ചൈനീസ്‌ കമ്പനിയിലേക്കാണ് ഞങ്ങള്‍ ഏഴ് പേരെയും കൊണ്ടുപോയത്. ശേഷം ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പ് നടത്താന്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും കമ്പനി അധികൃതരെ അറിയിച്ചതോടെയാണ് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയത്. കമ്പനിയിലെ മുറിയിലായിരുന്നു ആദ്യ ദിവസങ്ങളില്‍ പൂട്ടിയിട്ടത്. ശേഷം എല്ലാവരോടും പുറം തിരിഞ്ഞ് നില്‍ക്കാന്‍ പറഞ്ഞു. മണിക്കൂറുകളോളം അതേ നില്‍പ്പായിരുന്നു. കാല്‍ വേദനിച്ച് മുട്ടു മടക്കിയാല്‍ ക്രൂര മര്‍ദനമായിരുന്നു. ഈ ദിവസങ്ങളിലൊന്നും ഭക്ഷണമോ, വെള്ളമോ, എന്തിന് വാഷ്‌റൂമില്‍ പോലും പോകാന്‍ സമ്മതിച്ചിരുന്നില്ല”.

പിന്നീടാണ് താമസസ്ഥലത്തേക്ക് മാറ്റിയത്. ഇവിടെ 10 ദിവസമാണ് പൂട്ടിയിട്ടത്. മാത്രമല്ല ഞങ്ങളുടെ ഫോണും ലാപ്‌ടോപ്പും എല്ലാ കമ്പനി അധികൃതര്‍ പിടിച്ചു വാങ്ങിയിരുന്നു. നാട്ടിലേക്ക് ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലായിരുന്നു. ഈ ദിവസങ്ങളിലും കൃത്യമായ ഭക്ഷണമില്ലായിരുന്നു. മാത്രമല്ല മൂത്രം ഒഴിക്കാന്‍ പോലും ബാത്ത്‌റൂം സൗകര്യം ഇല്ലായിരുന്നു. റൂമിലെ വെള്ളത്തിന്റെ കുപ്പികളിലായിരുന്നു പലപ്പോഴും മൂത്രമൊഴിച്ചിരുന്നത്. ഓര്‍ക്കുമ്പോള്‍ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

എന്നിട്ടും ഒരു തരത്തിലും ഓണ്‍ലൈന്‍ തട്ടിപ്പ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായില്ല. ചൈനീസ് ഭാഷയില്‍ കമ്പനി അധികൃതര്‍ സംസാരിച്ചിരുന്നത്. അവര്‍ അത് ഇംഗ്ലീഷിലേക്ക് ഫോണില്‍ നിന്നും ട്രാന്‍സ്ലേറ്റ് ചെയ്തായിരുന്നു സംസാരം. മാത്രമല്ല ഞങ്ങള്‍ പറയുന്നത് അവര്‍ ചൈനീസിലേക്കും ട്രാന്‍സ്ലേറ്റ് ചെയ്യുകയായിരുന്നു.ഒടുവില്‍ അവിടെനിന്നും മറ്റൊരു ഏജന്റിന് ഒരാള്‍ക്ക് 2ലക്ഷം രൂപ വീതം വാങ്ങി ഞങ്ങളെ കൈമാറുകയായിരുന്നു. തുടര്‍ന്ന് കംബോഡിയയില്‍ നിന്നും അതിര്‍ത്തിയിലെ മറ്റൊരു കമ്പനിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രക്ഷപ്പെടാന്‍ വഴി തെളിഞ്ഞത്. അതിര്‍ത്തിയിലേക്ക് 10മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു. ഇതിനിടെ ടാക്‌സി ഡ്രൈവറോട് ബാത്ത്‌റൂമില്‍ പോകാണമെന്ന് പറഞ്ഞ് വന്ന വണ്ടി വഴി തിരിച്ചു വിടാന്‍ ശ്രമം നടത്തി. ഒടുവില്‍ വണ്ടി വളക്കുന്നതിനിടെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡ്രൈവറാകാട്ടെ ഞങ്ങളുടെ പിന്നാലെ വണ്ടിയുമെടുത്ത് പിന്തുടര്‍ന്നു. കുറച്ച് ദൂരം പോയശേഷം ടാക്‌സി ഡ്രൈവര്‍ ഞങ്ങളുടെ അടുത്ത് എത്തി ഇവിടെ വരെ വന്നതിന്റെ കാശ് വേണമെന്നും എന്തിനാണ് നിങ്ങള്‍ ഓടിയതും എന്നും മറ്റും ചോദിച്ചു. ഇതോടെയാണ് അവിടെ പെട്ടുപോയതാണെന്നും രക്ഷിക്കണമെന്നും ഡ്രൈവറോട് പറയുന്നത്.

കാര്യങ്ങള്‍ മനസിലാക്കിയ ഡ്രൈവര്‍ ഞങ്ങളെ ഇന്ത്യന്‍ എംബസിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അയാള്‍ക്ക് ഞങ്ങളെ കുടുക്കാന്‍ ഒരു നിമിഷം മതിയായിരുന്നു. എന്നിട്ടും അയാള്‍ ഞങ്ങളെ സഹായിച്ചു. അയാളാണ്‌ ഞങ്ങളുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ സഹായിച്ചവരില്‍ പ്രധാനപ്പെട്ടയാള്‍. മാത്രമല്ല പാലക്കാട് സ്വദേശിയായ സിദ്ധാര്‍ത്ഥ് എന്ന സുഹൃത്തും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ എംബസിയും വലിയ പങ്കാണ് വഹിച്ചത്. 2 പേരുടെ വിസ കാലാവധി തീര്‍ന്നപ്പോള്‍ 120 ഡോളര്‍ കൊടുത്ത് വിസ പുതുക്കിയതൊക്കെ ഇന്ത്യന്‍ എംബസിയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യാഗസ്ഥനാണ്‌.

കംബോഡിയിയില്‍ കുടുങ്ങി എന്ന വിവരം വന്നതിന് പിന്നാലെ പല രാഷ്ട്രീയ നേതാക്കളും ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടിരുന്നു. എല്ലാ സഹായങ്ങളും ചെയ്യാമെന്നും പറഞ്ഞിരുന്നു. അവിടെ കുടുങ്ങികിടന്നപ്പോള്‍ തിരികെ നാട്ടിലെത്താന്‍ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അഭിനന്ദിന് നടുക്കം ഇപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

Description: A man from Maniyur who returned from being stuck in Cambodia tells his experience