നാദാപുരം എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വിലയുള്ള ഓട്ടു പാത്രങ്ങള്‍ കവര്‍ന്നു
നാദാപുരം: എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂര്‍ റോഡില്‍ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് ഓട്ടുപാത്രങ്ങള്‍ കളവ് പോയത്.
ഒരു ലക്ഷത്തിലകം രൂപയിലധികം വില വരുന്ന 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്. പരമ്പര്യമായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം ഒരു മുറിയില്‍ സൂക്ഷിച്ചതായിരുന്നു. ഈ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.
ആള്‍ താമസമില്ലാത്ത വീട്ടില്‍ ബന്ധുക്കളെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. എടച്ചേരി പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ലക്ഷത്തില്‍ അധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി എടച്ചേരി പോലീസ് അറിയിച്ചു.