കീഴരിയൂർ തങ്കമലയിൽ ഇന്ന് ചെറിയ വിഷു; അനധികൃതമായി കടത്തുന്നതിനിടെ കൊയിലാണ്ടി പോലീസ് പിടികൂടിയ ഒരു ലോഡ് പടക്കങ്ങൾ പൊട്ടിച്ചുതീർക്കുന്നു


കൊയിലാണ്ടി: അനധികൃതമായി ലോറിയിൽ കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ പൊട്ടിച്ച് തീർക്കുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം തങ്കമല ക്വാറിയിൽ എത്തിച്ചാണ് പടക്കങ്ങൾ പൊട്ടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കൊയിലാണ്ടി എസ്.ഐ ശെെലേഷിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പടക്കം കണ്ടെടുത്തത്. തുടർന്ന് ലോറി കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കീഴരിയൂരിലെ തങ്കമല ക്വാറിയിൽ എത്തിച്ചാണ് മുഴുവൻ പടക്കങ്ങളും പൊട്ടിക്കുന്നത്. കൊയിലാണ്ടി സ്റ്റേഷൻ എസ്.എച്ച്.ഒയുടെയും ബോംബ് സ്ക്വാഡിൻ്റയും നേതൃത്വത്തിലാണ് പടക്കങ്ങൾ പൊട്ടിക്കുന്നത്. 156 പായ്ക്കറ്റ് പടക്കമാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. രാവിലെ ആരംഭിച്ച പൊട്ടിക്കൽ ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

ഓൺലെെനിൽ ഓർഡർ സ്വീകരിച്ച കൊയിലാണ്ടി, മാഹി, തലശ്ശേരി ഭാ​ഗങ്ങളിലേക്കുൾപ്പെടെയുള്ള പടക്കങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെ തുറന്ന വാഹനത്തിലാണ് ഒരു ലോഡ് പടക്കം എത്തിച്ചത്. പോലീസ് ന​ഗരത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ശിവകാശിയിലുള്ള വിവിധ കമ്പനികളിൽ നിന്നും വാങ്ങിച്ച പടക്കങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

ശിവകാശിയിലുള്ള പാർസൽ കമ്പനിയായ ബാലാജി ട്രാൻസ്പോർട്ട് കമ്പനിയുടെ ലോറിയാണ് പടക്കം കടത്താൻ ശ്രമിച്ചത്. എക്സപ്ലോസീവ് ആക്ട് 9B1b പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി തുടർ നടപടി സ്വീകരിച്ചത്.