അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വിലസുന്നു, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തല്‍ വ്യാപകം; ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകള്‍ക്കുമുന്നില്‍ സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും


അരിക്കുളം: അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയാസംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് മുന്നില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ഇരുസമിതികളും മുന്നറിയിപ്പ് നല്‍കി.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും നോക്കുകുത്തികളാക്കി മണ്ണ് മാഫിയ സംഘം അഴിഞ്ഞാടുകയാണ്. തണ്ണീര്‍ തടങ്ങളും നെല്‍വയലുകളും ഉടമസ്ഥര്‍ക്ക് മണ്ണടിച്ച് കൊടുത്ത് നികത്തുന്നത് തുടരുകയാണ്. ഇത്തരം മാഫിയാസംഘങ്ങള്‍ക്കെതിരെ വയല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും പാടശേഖര സമിതിയും സംയുക്തമായി അരിക്കുളം വില്ലേജ് ഓഫീസിലും അരിക്കുളം കൃഷിഭവനിലും പരാതികള്‍ കൊടുത്തെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

അതു തന്നെയാണ് ഇത്തരം മാഫിയാസംഘങ്ങള്‍ക്ക് വളമാകുന്നതെന്നും വയല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ രവി ചാലില്‍, കണ്‍വീനര്‍ റിയാസ് ഊട്ടേരി, പാടശേഖര സമിതി കണ്‍വീനര്‍ പറമ്പില്‍ രാജന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.