ഖൽബിലൊരൊപ്പന പാട്ടുണ്ടോ….ഉത്സവലഹരിയില്‍ നാടും നാട്ടാരും, മേപ്പയ്യൂര്‍ ഫെസ്റ്റ് ആകെ മൊത്തം വൈബാണ്!
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ സാംസ്‌കാരിക ഉത്സവമായ മേപ്പയ്യൂര്‍ ഫെസ്റ്റിന് വന്‍ജനത്തിരക്ക്. എട്ട് നാള്‍ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന് ഇന്നലെ ജനം ഒഴുകിയെത്തുകയായിരുന്നു. ഫെബ്രുവരി 2ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകളിലെ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.
മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, അനുബന്ധ സെമിനാറുകൾ, ഗ്രാമീണ കലാകാരന്മാരുടെ കലാപരിപാടികൾ തുടങ്ങി ഫെസ്റ്റിന്റെ ഭാഗമായുള്ള എല്ലാ പരിപാടികള്‍ക്കും വന്‍ജനത്തിരക്കാണ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ ആളുകള്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ-പിന്നണിഗായകന്‍ അതുല്‍ നറുകരയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടിന് ജനം ഒഴുകിയെത്തുകയായിരുന്നു. ഇന്നലെ കണ്ണൂര് ഷെരീഫിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയിലും വന്‍ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് ലിംഗസമത്വം സാമൂഹികനീതി ജനാധിപത്യം’ എന്ന വിഷയത്തിൽ വനിതാ സെമിനാർ നടക്കും. കെ.ജെ. ഷൈൻ ടീച്ചർ, മുൻ എംഎൽഎ ഇ.എസ് ബിജിമോൾ, ഡോ.സ്മിതാ പന്ന്യൻ, ഡോ.ആർ.എ അപർണ എന്നിവർ പങ്കെടുക്കും. തുടർന്ന് ഏഴുമണിക്ക് കുടുംബശ്രീ ഫെസ്റ്റ് നടക്കും.
ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് “എം.ടി എഴുത്തിന്റെ ആത്മാവ്” എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യ സെമിനാറിൽ പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ്, പ്രശസ്ത നിരൂപകൻ സജയ് കെ.വി, ഡോ.മിനി പ്രസാദ്, രമേശ് കാവിൽ, നിമ്ന വിജയ് എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി 7മണിക്ക് എം.ടി കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന നാടകീയ നൃത്തശില്പം, 7.30ന് സ്കൂൾ ഫെസ്റ്റ് എന്നിവ നടക്കും.
ഫെബ്രുവരി 9 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി 7.30ന് തകര മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും.
Description: A huge crowd for the popular cultural festival Mepayyur Fest