ഉയരപ്പാത നിർമാണത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു; അപകടം കൗണ്ടർ വെയ്റ്റ് ഉറപ്പിക്കുന്നതിനിടെ


വടകര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു. ഇന്നലെ ഉച്ചയോടെ പാർക്ക് റോഡിന് സമീത്താണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗർ‍ഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ തെന്നി മാറാതിരിക്കുന്നതിനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും തൊഴിലാളികൾ ആരും സമീപത്ത് ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്‌.

ഗര്‍ഡര്‍ നിര്‍മിച്ചതില്‍ അപാകം ഉണ്ടായതിനാൽ പ്രവൃത്തി താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഗർഡറിന്റെ അടിവശത്തെ ബെയറിങ് തൂണിന് മുകളിലെ ദ്വാരത്തിൽ ഇറക്കിവയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പ്രവൃത്തി നിർത്തിവച്ചത്. ഇത് പരിഹരിച്ചാണ്‌ നിർമാണം പുനരാരംഭിച്ചത്‌.

പ്രവൃത്തി പുനരാരംഭിച്ചതിന് പിന്നാലെയാണ് അപകടം. ലിങ്ക് റോഡ് ജംക്‌ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് ഭാഗം വരെ ഗർഡറുകൾ സ്ഥാപിക്കാൻ തൂണുകളുടെ നിർമാണം നടന്നു വരികയാണ്. അതിൽ തൂണുകൾ പൂർത്തിയായ ഭാഗത്താണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. വഗാഡ് കമ്പനിക്കാണ് ദേശീയപാതയുടെ നിർമാണ കരാര്‍. എറണാകുളത്തെ കൃപ ക്രെയിൻ ആൻഡ് ട്രാൻസ്പോർട്ട് കമ്പനിക്കാണ് ഗര്‍ഡറുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല.

Description: A huge crane collapsed in Vadakara during the construction of an elevated road