ഇടവഴിയിൽ അനക്കമില്ലാതെ എന്തോ കിടക്കുന്നു, സൂക്ഷിച്ച് നോക്കിയപ്പോൾ ഞെട്ടി; കീഴരിയൂർ നടുവത്തൂരിൽ കുറുക്കനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്


കീഴരിയൂർ: നടുവത്തൂരിൽ നാട്ടുകാർക്ക് കൗതുകമായി കൂറ്റൻ പെരുമ്പാമ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് തത്തംവെള്ളി പൊയിലിലെ ഇടവഴിയിൽ ഇരയെ പിടിച്ച് പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. രാവിലെ ഇതുവഴി പോയ ഒരു തെങ്ങുകയറ്റ ജോലിക്കാരനാണ് പാമ്പിനെ കണ്ടത് എന്നാണ് ലഭിക്കുന്ന വവിരം.

പിന്നാലെ പ്രദേശത്തെ കുട്ടികളടക്കമുള്ളവർ പാമ്പിനെ കാണാനായി എത്തുകയായിരുന്നു. ഏതാണ്ട് 2 മീറ്ററോളം നീളമുള്ളതാണ് പാമ്പ്. പ്രദേശത്ത് ധാരാളമായി കുറുക്കന്മാരുണ്ട്. അതിനാൽ പാമ്പ് കുറുക്കനയോ മറ്റോ വിഴുങ്ങിയതാവാം എന്നാണ് കരുതുന്നത്. ഇരയെ പിടിച്ച പാമ്പ് നിലവിൽ അനങ്ങാതെ കിടക്കുകയാണ്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നന്തയിൽ നിന്നും പാമ്പ് പിടുത്തക്കാരൻ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പാമ്പിനെ പിടികൂടിയ ശേഷം താമരശ്ശേരിയിലോ, പെരുവണ്ണാമൂഴിയിലെയോ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രദേശത്ത്‌ മുമ്പും പല തവണ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇത്രയും നീളമുള്ള പാമ്പിനെ കാണുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.