കണ്ണൂരിൽ വൈദ്യുത കമ്പി ദേഹത്ത് പൊട്ടിവീണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പത്ത് തങ്കമണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാല്‍ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല.
വൈദ്യുതക്കമ്പി ദേഹത്തു പൊട്ടി വീണായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്‌ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ ഷോക്കേറ്റു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡി. കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Summary: A housewife died of shock after an electric wire fell on her body in Kannur