മിൽമ ക്ഷീരസദനം പദ്ധതി; വാകയാട്ടെ ക്ഷീര കർഷകയ്ക്ക് വീടൊരുങ്ങുന്നു


നടുവണ്ണൂർ : മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ വാകയാട്ട് നടപ്പാക്കുന്ന ക്ഷീരസദനം പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടന്നു.

മിൽമ ചെയർമാൻ കെ.എസ്. മണി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാകയാട് ക്ഷീരസംഘത്തിൽ പാലളക്കുന്ന ക്ഷീരകർഷകയായ വാകയാട് പുതിയോട്ടും കണ്ടി സരളയ്ക്കാണ് മിൽമ വീട് നിർമ്മിച്ച് നൽകുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് വീട് നിർമിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി. സബിത അധ്യക്ഷത വഹിച്ചു. എം.ആർ.സി.എം.പി.യു. എം.ഡി. ഡോ. പി. മുരളി പദ്ധതിവിശദീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത കെ. ഉണ്ണി, ബിന്ദു ഹരിദാസ്, ബിന്ദു കൊല്ലരുകണ്ടി, മിൽമ ഡയറക്ടർ പി. ശ്രീനിവാസൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. ശങ്കരൻ, ടി.കെ. ചന്ദ്രൻ, എൻ.ആർ. ശ്രീജിത്ത്, വാകയാട് ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ഗിരീഷ് കുമാർ, ഗിരീഷ് കോറോത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.